ന്യൂഡല്ഹി: വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന്റെ ഐഎഎസ് സെലക്ഷന് റദ്ദാക്കി യുപിഎസ്സി. യുപിഎസ്സി പരീക്ഷ എഴുതുന്നതില് നിന്നും ആജീവനാന്ത വിലക്കും ഏര്പ്പെടുത്തി. കേന്ദ്ര പേഴ്സണല് മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷന് സര്ക്കാരിന് നല്കിയ റിപ്പോര്ട്ടിന് പിന്നാലെയാണ് നടപടി. ഐഎഎസ് ലഭിക്കുന്നതിനായി പൂജ ഒബിസി നോണ് ക്രീമിലെയര് സര്ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള് എന്നിവ ദുരുപയോഗം ചെയ്തതായി കണ്ടെത്തി നടപടിക്ക് ശുപാര്ശ ചെയ്യുകയായിരുന്നു. കാഴ്ച പരിമിതി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു യുപിഎസ്സിക്ക് വ്യാജ സര്ട്ടിഫിക്കറ്റ് നല്കിയത്.
മഹാരാഷ്ട്ര കേഡര് ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ അധികാര ദുര്വിനിയോഗം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് സിവില് സര്വ്വീസ് പരീക്ഷ പാസാകാന് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. നിയമ വിരുദ്ധമായി ബീക്കണ് ലൈറ്റ് ഘടിപ്പിച്ച പൂജയുടെ ആഢംബര കാര് പൂനെ പൊലീസ് പിടിച്ചെടുത്തിരുന്നു.
യു പി എസ് സി സെലക്ഷന് സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായിട്ടാണ് വൈകല്യമുണ്ടെന്ന് കാണിക്കുന്ന സര്ട്ടിഫിക്കറ്റ് പൂജ സമര്പ്പിച്ചത്. 841-ാം റാങ്കാണ് പൂജയ്ക്ക് ലഭിച്ചത്. വൈകല്യങ്ങള് പരിശോധിക്കാനായുള്ള വൈദ്യപരിശോധയ്ക്ക് വിധേയമാകണമെന്ന് യുപിഎസ്സി ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങള് ചൂണ്ടിക്കാട്ടി ഇവർ ഒഴിഞ്ഞുമാറുകയായിരുന്നു. ഇങ്ങനെ ആറ് തവണ വൈദ്യപരിശോധ നിരസിച്ച പൂജ പകരം സ്വകാര്യ ആശുപത്രിയില് നിന്നുള്ള എംആര്ഐ സ്കാനിങ് റിപ്പോര്ട്ട് സമര്പ്പിക്കുകയായിരുന്നു. എന്നാല് യുപിഎസ്സി ഈ സര്ട്ടിഫിക്കറ്റ് നിരസിച്ചു.