ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പ് വീഴ്ചയില് എന്ടിഎയ്ക്കെതിരെ രൂക്ഷ വിമര്ശനവുമായി സുപ്രീംകോടതി. 2024-ലെ പരീക്ഷാ നടത്തിപ്പില് ദേശീയ ടെസ്റ്റിംഗ് ഏജന്സിക്കുണ്ടായ വീഴ്ചകള് ആവര്ത്തിക്കരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് താക്കീത് നല്കി. നീറ്റ് യുജി പുനഃപരീക്ഷ വേണ്ടെന്ന തീരുമാനമെടുത്തതിന്റെ കാരണങ്ങള് വ്യക്തമാക്കുന്ന വിധിയിലാണ് സുപ്രീം കോടതിയുടെ വിമര്ശനം. വിദ്യാര്ത്ഥികളുടെ താല്പര്യത്തിന് വിരുദ്ധമാണ് എന്ടിഎയ്ക്ക് സംഭവിച്ച വീഴ്ച ഓരോന്നും. വിദ്യാര്ത്ഥികളുടെ താല്പര്യത്തിനനുസരിച്ച് പരീക്ഷാ കേന്ദ്രങ്ങള് മാറ്റാനാവില്ല. പുതിയ രജിസ്ട്രേഷന് വേണ്ടി പിന്വാതില് തുറന്നു നല്കരുത്. ചോദ്യപേപ്പര് മാറി നല്കിയതുകാരണമുള്ള സമയനഷ്ടം പരിഹരിക്കാന് ഗ്രേസ് മാര്ക്ക് നല്കിയ തീരുമാനം തെറ്റാണെന്നുമാണ് സുപ്രീം കോടതിയുടെ വിമര്ശനം.
സംശയമുള്ള ചോദ്യത്തില് രണ്ടാം ഓപ്ഷന് തിരഞ്ഞെടുത്തവര്ക്ക് ഗ്രേസ് മാര്ക്ക് നൽകാനുള്ള തീരുമാനവും തെറ്റായിരുന്നെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ശരിയായ ഉത്തരം കണ്ടെത്താന് ഡല്ഹി ഐഐടിയിലെ വിദഗ്ധ പാനലിനെ നിയോഗിക്കേണ്ടി വന്നത് എന്ടിഎയുടെ വീഴ്ചമൂലമാണ്. രണ്ട് ഉത്തരം ശരിയായി പരിഗണിച്ചതുമൂലം 44 വിദ്യാര്ത്ഥികള്ക്ക് 720 മാര്ക്കും ലഭിക്കുന്ന സാഹചര്യമുണ്ടായെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്ടിഎയുടെ പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ സംവിധാനം വിദഗ്ധ സമിതി പരിശോധിക്കണം. കണ്ടെത്തിയ വീഴ്ചകള് പരിഹരിക്കണമെന്നും സുപ്രീംകോടതി ദേശീയ ടെസ്റ്റിംഗ് ഏജന്സിക്ക് നിര്ദ്ദേശം നല്കി. നടപടിക്രമങ്ങള്ക്കായുള്ള മാര്ഗ്ഗ നിര്ദ്ദേശങ്ങള് രൂപീകരിക്കണം എന്നതുള്പ്പടെയുള്ള കര്ശന നിര്ദ്ദേശങ്ങളും സുപ്രീംകോടതി പുറപ്പെടുവിച്ചു.
വിദ്യാര്ത്ഥികള്ക്ക് പരീക്ഷാ കേന്ദ്രങ്ങള് അനുവദിച്ച നടപടിക്രമം പുനഃപരിശോധിക്കണം. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സിസിടിവി സംവിധാനം ഏര്പ്പെടുത്തണം. ചോദ്യക്കടലാസുകളുടെ പ്രിൻ്റിംഗ്, പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങള് പരിശോധിക്കണം. ഓട്ടോ റിക്ഷകള്ക്ക് പകരം അടച്ചുറപ്പും സുരക്ഷാ സംവിധാനങ്ങളുമുള്ള വാഹനങ്ങള് ഉപയോഗിക്കണം. പരീക്ഷാ നടത്തിപ്പിൻ്റെ എല്ലാ ഘട്ടങ്ങളിലും ഐഡൻ്റിറ്റി പരിശോധന നടത്തണം. ആള്മാറാട്ടം തടയാനും സ്വകാര്യത സംരക്ഷിക്കാനും ആധുനിക സംവിധാനങ്ങള് എങ്ങനെ ഉപയോഗപ്പെടുത്താനാകുമെന്ന് പരിശോധിക്കണം. മാര്ഗ്ഗ നിര്ദ്ദേശങ്ങള് രൂപീകരിക്കുന്നതിനായി സെപ്റ്റംബർ 30-നകം വിദഗ്ധ സമിതി രൂപീകരിക്കണം. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനാണ് സമിതി രൂപീകരണത്തിന്റെ ചുമതല. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും റിപ്പോര്ട്ടും അറിയിക്കണമെന്നും സുപ്രീം കോടതി നിര്ദ്ദേശം നല്കി.