ഷിംല: ഹിമാചല്പ്രദേശില് മേഘവിസ്ഫോടനത്തെ തുടര്ന്നുണ്ടായ പ്രളയത്തില് അമ്പതോളം പേര് മരിച്ചതായി മന്ത്രി വിക്രമാദിത്യ സിങ്. മരിച്ചവരുടെ എണ്ണം രക്ഷാദൗത്യം പൂര്ത്തിയായതിന് ശേഷം മാത്രമേ ഔദ്യോഗികമായി പറയാനാകുകയുള്ളൂവെന്നും മൃതദേഹങ്ങള് കണ്ടെത്തുന്നതിനാണ് സര്ക്കാര് മുന്ഗണന നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ്-7 വരെ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങൾക്കും മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു 50,000 രൂപ പ്രഖ്യാപിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില് കഴിഞ്ഞ 24 മണിക്കൂറിനുള്ളില് ശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത്, അസം, മേഘാലയ, വെസ്റ്റ് മധ്യപ്രദേശ്, ഈസ്റ്റ് മധ്യപ്രദേശ് എന്നിവിടങ്ങളില് ഇന്ന് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലും റെഡ് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ആറ് ജില്ലകളിൽ നാളെയും നിലവിൽ യെല്ലോ അലേർട്ടാണ്. തീവ്ര,അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിലില്ല. എങ്കിലും ജാഗ്രത കൈവിടരുതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്നും നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്ന് ആളുകൾ മാറണമെന്നും മുന്നറിയിപ്പുണ്ട്.
ജലാശയങ്ങളിൽ ഇറങ്ങരുതെന്നും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും കള്ളക്കടല് പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില് മഴ തുടരുന്നത്.