ന്യൂഡൽഹി: ഓൾഡ് രജീന്ദർ നഗറിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. വിഷാദവും സമ്മർദ്ദവും കൈകാര്യം ചെയ്യാനാകാതെ വന്നതോടെ ആത്മഹത്യ ചെയ്തുവെന്ന് പൊലീസ് ശനിയാഴ്ച പറഞ്ഞു. മഹാരാഷ്ട്രയിലെ അകോലയിൽ നിന്നുള്ള വിദ്യാർത്ഥിനിയായ അഞ്ജലിയാണ് ആത്മഹത്യ ചെയ്തത്. സർക്കാർ പരീക്ഷകളിലെ അഴിമതികൾ കുറയ്ക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായി അഞ്ജലി ആത്മഹത്യാ കുറിപ്പിൽ പറഞ്ഞു. ജീവിത പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ് തനിക്കില്ലെന്നും സമാധാനമില്ലെന്നും അവർ കുറിപ്പിൽ പറയുന്നു.
"അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം. എനിക്ക് ഇപ്പോൾ ജീവിതം ശരിക്കും മടുത്തു. സമാധാനമില്ല. പ്രശ്നങ്ങൾ മാത്രമേയുള്ളൂ. എനിക്ക് സമാധാനം വേണം. വിഷാദത്തിൽ നിന്ന് മുക്തി നേടാൻ സാധ്യമായ എല്ലാ വഴികളും ഞാൻ ശ്രമിച്ചു. പക്ഷേ എനിക്ക് കഴിഞ്ഞില്ല", അഞ്ജലി എഴുതി. ഡോക്ടറെ സമീപിച്ചെങ്കിലും മാനസികാരോഗ്യം മെച്ചപ്പെടാൻ സാധിച്ചില്ലെന്നും അവർ എഴുതിയിട്ടുണ്ട്. ഗവൺമെൻ്റ് പരീക്ഷകളിലെ തട്ടിപ്പുകൾ കുറയ്ക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അഞ്ജലി സർക്കാരിനോട് അഭ്യർത്ഥിച്ചു. നിരവധി യുവാക്കൾ ജോലിക്കായി ബുദ്ധിമുട്ടുകയാണ്.
പേയിംഗ് ഗസ്റ്റ് (പിജി) സൗകര്യങ്ങളുടെയും ഹോസ്റ്റലുകളുടെയും ഉയർന്ന ചിലവുകളും അഞ്ജലിയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ശ്വേത എന്ന സുഹൃത്തുമായി മരണത്തിന് മുമ്പ് വർദ്ധിച്ചുവരുന്ന പിജി വാടകയെക്കുറിച്ച് അവര് ചർച്ച ചെയ്തിരുന്നു. "പിജി, ഹോസ്റ്റൽ വാടകയും കുറയ്ക്കണം. ഇക്കൂട്ടർ വിദ്യാർത്ഥികളിൽ നിന്ന് പണം കൊള്ളയടിക്കുക മാത്രമാണ് ചെയ്യുന്നത്. എല്ലാ വിദ്യാർത്ഥികൾക്കും അത് താങ്ങാൻ കഴിയില്ല," അവർ എഴുതി. പഠനത്തിനായി മാതാപിതാക്കൾ ചെലവഴിക്കുന്ന പണത്തെക്കുറിച്ച് അഞ്ജലി ആശങ്കാകുലനായിരുന്നുവെന്ന് അമ്മ ഇന്ത്യ ടുഡേയോട് പറഞ്ഞു.
"ആ കാര്യങ്ങളെക്കുറിച്ച് വിഷമിക്കേണ്ടെന്ന് ഞങ്ങൾ അവളോട് പറഞ്ഞിരുന്നു. ചെലവ് കുറഞ്ഞ വഴി കണ്ടെത്താമെന്ന് ഞങ്ങൾ അവളോട് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അവൾ അത് കണക്കിലെടുക്കാതെ അവള് പോയി'', അമ്മ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.