ന്യൂഡല്ഹി: കേരള കേഡര് ഐപിഎസ് ഉദ്യോഗസ്ഥന് നിതിന് അഗര്വാളിനെ ബിഎസ്എഫ് മേധാവി സ്ഥാനത്തുനിന്നു കേന്ദ്ര സര്ക്കാര് നീക്കി. കേരള കേഡറിലേക്ക് ഇദ്ദേഹത്തെ തിരിച്ചയച്ചു. 2026 വരെ നിതിന് അഗര്വാളിന്റെ കാലാവധി നിലനില്ക്കെയാണ് കേന്ദ്രത്തിന്റെ അസാധാരണ നടപടി. ഏകോപനത്തിലെ പാളിച്ചയടക്കമുള്ള വിമര്ശനം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ദേശീയമാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
സേനയ്ക്കുള്ളിലെ കാര്യങ്ങള് നിയന്ത്രിക്കുന്നതില് അഗര്വാള് പരാജയമായിരുന്നു. മറ്റ് സൈനിക വിഭാഗങ്ങളുമായുള്ള ഏകോപനക്കുറവും സ്ഥാനം തെറിക്കുന്നതിന് കാരണമായെന്നും ഉയര്ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്ഡിടിവി റിപ്പോര്ട്ടു ചെയ്തു. കാലാവധി പൂര്ത്തിയാക്കുംമുമ്പുള്ള സ്ഥാനമാറ്റം വഴി കേന്ദ്ര സര്ക്കാര് ശക്തമായ സന്ദേശം നല്കുകയാണെന്നും വിലയിരുത്തലുണ്ട്.
നിതിന് അഗര്വാളിന് പുറമെ ബിഎസ്എഫ് വെസ്റ്റ് എസ്ഡിജി വൈബി ഖുറാനിയയെയും സ്ഥാനത്തു നിന്ന് നീക്കി ഒഡിഷ കേഡറിലേക്കു മടക്കി. സേനയുടെ തലപ്പത്തുള്ള രണ്ടു പേരെ ഒരുമിച്ചു നീക്കുന്നത് അപൂര്വമാണ്. അതിര്ത്തിയില് നുഴഞ്ഞുകയറ്റ ശ്രമങ്ങള് വര്ധിക്കുകയും തുടര്ച്ചയായി ഭീകരാക്രമണങ്ങളുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി ഉണ്ടായിരിക്കുന്നത്.
നിതിന് അഗര്വാള് കേരള കേഡറില് തിരിച്ചെത്തുന്നതോടെ സംസ്ഥാന പൊലീസ് ഉന്നത സ്ഥാനങ്ങളിലും മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ തവണ സംസ്ഥാന ഡിജിപി നിയമനത്തിനുള്ള പട്ടികയില് ഒന്നാം സ്ഥാനത്തായിരുന്നു നിതിന് അഗര്വാള്. കഴിഞ്ഞ ജൂണിലാണ് അഗര്വാള് ബിഎസ്എഫ് മേധാവിയായി ചുമതലയേറ്റത്. 2026 ജൂലൈ വരെയായിരുന്നു നിയമനകാലാവധി.