ന്യൂഡൽഹി: താജ്മഹലിനകത്ത് ഗംഗാജലം വിതരണം ചെയ്തവർ അറസ്റ്റിൽ. അഖില ഭാരത് ഹിന്ദു മഹാസഭയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താജ്മഹലിനെ ശിവക്ഷേത്രമായ തേജോമഹലായി കണക്കാക്കിയാണ് പ്ലാസ്റ്റിക് കുപ്പികളിൽ വിശുദ്ധജലം വിതരണം ചെയ്തതെന്നാണ് അറസ്റ്റിലായവരുടെ വിശദീകരണം.
ഷാജഹാൻ്റെയും മുംതാസ് മഹലിൻ്റെയും യഥാർത്ഥ ശവകുടീരങ്ങൾ ഉള്ള താജ്മഹലിൻ്റെ ബേസ്മെൻ്റിലേക്ക് നയിക്കുന്ന അടച്ച ഗോവണിയിൽ പ്രതികളിലൊരാൾ പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് വെള്ളം ഒഴിക്കുന്ന വീഡിയോയും പുറത്തുവന്നു. താജ്മഹൽ ഒരു സ്മാരകമല്ല, മറിച്ച് ഒരു ശിവക്ഷേത്രമാണെന്നും ഇവർ വാദിച്ചു.
താജ്മഹൽ പരിസരത്തെ സുരക്ഷാ ചുമതല ഏൽപ്പിച്ച സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഖില ഭാരത് ഹിന്ദു മഹാസഭയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഇരുവരുടെയും അറസ്റ്റ് താജ്ഗഞ്ച് പൊലീസ് സ്ഥിരീകരിച്ചു. വാട്ടർ ബോട്ടിലുകൾ കൊണ്ടുവരാൻ അനുവദിക്കപ്പെട്ട വിനോദസഞ്ചാരികൾ എന്ന നിലയിൽ ടിക്കറ്റ് വാങ്ങിയ ശേഷമാണ് ഇവർ സ്മാരകത്തിനകത്ത് ബോട്ടിലുകളുമായി കയറിക്കൂടിയത്. ഇരുവരും താജ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണെന്നും അന്വേഷണം നടക്കുകയാണെന്നും ആഗ്ര സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സൂരജ് റായ് പറഞ്ഞു.
നേരത്തെ കാസ്ഗഞ്ചിലെ സോറോണിൽ ഗംഗാ നദിയിൽ നിന്നുള്ള വെള്ളവുമായി അഖില ഭാരത ഹിന്ദു മഹാസഭയുടെ ഒരു വനിതാ പ്രവർത്തക താജ്മഹലിലേക്ക് മാർച്ച് നടത്തിയെങ്കിലും പൊലീസ് ബാരിക്കേഡിൽ തടഞ്ഞിരുന്നു. മുൻകാലങ്ങളിൽ, വലതുപക്ഷ പ്രവർത്തകർ 'മഹാശിവരാത്രി' സമയത്ത് താജ്മഹൽ സമുച്ചയത്തിനുള്ളിൽ 'ശിവ ചാലിസ' ചൊല്ലിയിരുന്നു.
മാത്രമല്ല വർഷങ്ങൾക്ക് മുമ്പ്, ഹിന്ദു ജാഗരൺ മഞ്ചിൻ്റെ ജില്ലാ പ്രസിഡൻ്റ് ഗൗരവ് താക്കൂർ ഉൾപ്പെടെയുള്ള അംഗങ്ങളെ സ്മാരകത്തിനുള്ളിൽ കാവി പതാക വീശിയതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി യോജിച്ച് നിൽക്കുന്ന ഗ്രൂപ്പുകൾ താജ്മഹലിനെ 'തേജോമഹലേ' എന്ന് വിളിക്കാറുണ്ട്.