ദിസ്പൂർ: അസമിൽ രജിസ്റ്റർ ചെയ്യുന്ന ലൗ ജിഹാദുമായി ബന്ധപ്പെട്ട കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 'തിരഞ്ഞെടുപ്പ് വേളയിൽ ഞങ്ങൾ 'ലൗ ജിഹാദിനെ' കുറിച്ച് സംസാരിച്ചു. ഇത്തരം കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ നൽകുന്ന നിയമം ഉടൻ കൊണ്ടുവരും', ഹിമന്ത ശർമ്മ പറഞ്ഞു.
സംസ്ഥാന സർക്കാർ ജോലി ലഭിക്കുന്നതിനുള്ള നിർബന്ധിത യോഗ്യതാ മാനദണ്ഡമായി സംസ്ഥാനത്ത് ജനിച്ച വ്യക്തിയായിരിക്കണമെന്ന പുതിയ നയം ആവിഷ്കരിക്കുമെന്നും ഹിമന്ത ശർമ്മ പ്രഖ്യാപിച്ചു. ഈ നയം സംസ്ഥാന സർക്കാർ ഉടൻ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാന പ്രകാരം ഒരു ലക്ഷം സർക്കാർ ജോലികളിൽ സ്വദേശികൾക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും പാർട്ടി യോഗത്തിൽ അസം മുഖ്യമന്ത്രി പറഞ്ഞു. 2041ൽ സംസ്ഥാനം മുസ്ലിം ഭൂരിപക്ഷമായി മാറുമെന്ന് ഹിമന്ത ശർമ്മ ഈ മാസമാദ്യം പറഞ്ഞിരുന്നു. ഓരോ പത്ത് വർഷത്തിലും മുസ്ലിം ജനസംഖ്യയിൽ 30 ശതമാനം വർധനവുണ്ടെന്നും അതേ സമയം ഹിന്ദു ജനസംഖ്യ 16 ശതമാനം മാത്രമാണ് വർധിക്കുന്നതെന്നും ഹിമന്ത ശർമ്മ അവകാശപ്പെട്ടിരുന്നു.
വഖഫ് ബോർഡ് പരിഷ്കരണ ബിൽ; സ്ത്രീകളെ കൂടി ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ ശിപാർശയെന്ന് റിപ്പോർട്ട്