'കോച്ചിംഗ് സെൻ്ററുകൾ മരണ അറകളായി'; ഡൽഹി സര്ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് നോട്ടീസ് അയച്ചത്

dot image

ന്യൂഡൽഹി: സിവില് സര്വീസ് പരിശീലന കേന്ദ്രത്തില് വെള്ളം കയറിയുണ്ടായ അപകടത്തില് മൂന്ന് ഉദ്യോഗാര്ത്ഥികൾ മരിച്ച സംഭവത്തിൽ കേന്ദ്രത്തിനും ഡല്ഹി സര്ക്കാരിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. ദേശീയ തലസ്ഥാനത്തെ കോച്ചിംഗ് സെൻ്ററുകളിൽ എന്ത് തരത്തിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകളാണ് നിലവിലുള്ളതെന്ന് വിശദീകരിക്കാനാണ് കേന്ദ്ര, ഡൽഹി സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ദില്ലി കോച്ചിംഗ് സെന്റര് ബേസ്മെന്റിലെ മൂന്ന് വിദ്യാര്ത്ഥികൾ മരിച്ച സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് സുപ്രീം കോടതി ഇടപെടൽ.

സമീപകാലത്തുണ്ടായ മരണങ്ങൾ 'കണ്ണ് തുറപ്പിക്കുന്ന'താണെന്നും കോച്ചിംഗ് സെൻ്ററുൾ 'മരണ അറകൾ'." ആയിമാറിയെന്നും കോടതി പറഞ്ഞു. 'കോച്ചിംഗ് സെൻ്ററുകൾ വിദ്യാർത്ഥികളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്. അവ മരണ അറകളായി മാറിയിരിക്കുന്നു' എന്നായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. ദുരന്തം കണ്ണ് തുറപ്പിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാത്ത കോച്ചിംഗ് കേന്ദ്രങ്ങള്ക്ക് അനുമതി നല്കരുതെന്നും കോടതി നിഷ്കർഷിച്ചു. സുരക്ഷാ മാനദണ്ഡങ്ങള് ഉറപ്പാക്കാന് സ്വീകരിച്ച നടപടികള് അറിയിക്കാൻ കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും കോടതി നോട്ടീസ് നൽകി.

വിഷയത്തിൽ സഹായം നൽകാൻ അറ്റോർണി ജനറൽ ഓഫ് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകിയ കോടതി, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കോച്ചിംഗ് സെൻ്ററുകൾക്ക് കഴിയുന്നില്ലെങ്കിൽ ഓൺലൈൻ ക്ലാസുകൾ വഴി പ്രവർത്തിക്കുന്നത് പരിഗണിക്കണമെന്ന് നിർദ്ദേശിച്ചു. ഡൽഹിയിലെ ഓൾഡ് രജീന്ദർ നഗറിലെ റാവുവിൻ്റെ ഐഎഎസ് സ്റ്റഡി സർക്കിളിൻ്റെ ബേസ്മെൻ്റിൽ മൂന്ന് യുപിഎസ്സി ഉദ്യോഗാർത്ഥികളാണ് മുങ്ങിമരിച്ചത്. ഉത്തർപ്രദേശ് സ്വദേശിനി ശ്രേയ യാദവ് (25), തെലങ്കാനയിൽ നിന്നുള്ള തന്യ സോണി (25), കേരളത്തിൽ നിന്നുള്ള നെവിൻ ഡെൽവിൻ (24) എന്നിവരാണ് മരിച്ചത്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് സുപ്രീം കോടതിയുടെ ശക്തമായ ഇടപെടൽ.

വിദ്യാർത്ഥികളുടെ മരണം രാജ്യത്തുടനീളം പ്രകോപനം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഡൽഹി ഹൈക്കോടതി കേസ് അന്വേഷിക്കാൻ സിബിഐയ്ക്ക് നിർദ്ദേശിച്ചിരുന്നു. അതിനിടയിലാണ് ഇന്ന് വിഷയത്തിൽ സുപ്രീം കോടതി നിർദ്ദേശങ്ങൾ പാസാക്കിയത്. ഫയർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത കോച്ചിംഗ് സെൻ്ററുകൾ അടച്ചുപൂട്ടാനുള്ള ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത കോച്ചിംഗ് സെൻ്റർ ഫെഡറേഷന് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

dot image
To advertise here,contact us
dot image