അരവിന്ദ് കെജ്രിവാൾ നല്കിയ ഹര്ജികളില് ദില്ലി ഹൈക്കോടതി ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പറയും

സിബിഐ രജിസ്റ്റര് ചെയ്ത കേസിലും ജാമ്യം നേടിയാല് അരവിന്ദ് കെജ്രിവാളിന് തിഹാര് ജയിലില് നിന്ന് പുറത്തിറങ്ങാം

dot image

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നല്കിയ ഹര്ജികളില് ദില്ലി ഹൈക്കോടതി ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പറയും. ദില്ലി മദ്യനയ അഴിമതിക്കേസില് സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യം തേടിയും നല്കിയ ഹര്ജികളിലാണ് വിധി പറയുന്നത്. ജസ്റ്റിസ് നിന ബന്സാല് കൃഷ്ണയാണ് വിധി പ്രസ്താവിക്കുന്നത്. കരുതല് അറസ്റ്റാണ് സിബിഐ നടത്തിയതെന്ന് ആയിരുന്നു അരവിന്ദ് കെജ്രിവാളിൻ്റെ അഭിഭാഷകന് അഭിഷേഖ് മനു സിംഗ്വിയുടെ വാദം.

സിബിഐക്ക് അരവിന്ദ് കെജ്രിവാളിനെ കസ്റ്റഡിയില് സൂക്ഷിക്കാനാവശ്യമായ തെളിവുകളില്ല. ജയിലില് കഴിയുന്നത് ഉറപ്പാക്കാന് വേണ്ടിയാണ് സിബിഐയുടെ അറസ്റ്റ് എന്നുമായിരുന്നു അരവിന്ദ് കെജ്രിവാളിൻ്റെ വാദം. ജൂണ് 20നാണ് സിബിഐ രജിസ്റ്റര് ചെയ്ത കേസിലെ അറസ്റ്റ്. സിബിഐ രജിസ്റ്റര് ചെയ്ത കേസിലും ജാമ്യം നേടിയാല് അരവിന്ദ് കെജ്രിവാളിന് തിഹാര് ജയിലില് നിന്ന് പുറത്തിറങ്ങാം. എന്ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രജിസ്റ്റര് ചെയ്ത കേസില് അരവിന്ദ് കെജ്രിവാളിന് നേരത്തെ സുപ്രീം കോടതി ഇടക്കാല ജാമ്യം നല്കിയിട്ടുണ്ട്.

ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നേരത്തെ അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിലെ നിയമപ്രശ്നങ്ങൾ കോടതി വിശാല ബെഞ്ചിൻ്റെ പരിഗണനയ്ക്ക് വിട്ടു. പിഎംഎൽഎ ആക്റ്റിലെ പത്തൊൻപതാം വകുപ്പിന്റെ സാധുത അടക്കമാണ് ബെഞ്ച് പരിശോധിക്കുക. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ടും മുൻപ് ജാമ്യം അനുവദിക്കപ്പെട്ടിട്ടുള്ളതുകൊണ്ടും, ഇപ്പോൾ ജാമ്യം അനുവദിക്കുന്നുവെന്നുമായിരുന്നു കോടതി വിധി. എന്നാൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡിയിലായതിനാൽ കെജ്രിവാളിന് ജയിലിൽനിന്ന് പുറത്തിറങ്ങാനായിരുന്നില്ല.

മാര്ച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്രിവാളിന് ജാമ്യം നല്കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂൺ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us