കൊൽക്കത്ത: പാരിസ് ഒളിമ്പിക്സിൽ നിന്ന് അയോഗ്യയായ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഭാരതരത്ന നൽകണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. ഫോഗട്ടിൻ്റെ അസാധാരണ നേട്ടങ്ങളും അവർ അതിജീവിച്ച വലിയ വെല്ലുവിളികളും തിരിച്ചറിയാൻ സർക്കാരും പ്രതിപക്ഷവും ഒന്നിക്കണമെന്നും അഭിഷേക് ബാനർജി ആവശ്യപ്പെട്ടു. ഒന്നുകിൽ വിനേഷ് ഫോഗട്ടിന് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകുകയോ അല്ലെങ്കിൽ രാഷ്ട്രപതി രാജ്യസഭാ സീറ്റിലേക്ക് നാമനിർദ്ദേശം ചെയ്യുകയോ വേണമെന്നാണ് ബാനർജി ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.
വിനേഷ് ഫോഗട്ടിന്റെ നിശ്ചയദാർഢ്യം ഒരു മെഡൽ ലഭിച്ചാലും പൂർണമാകില്ലെന്ന് അഭിഷേക് പറഞ്ഞു. 'വിനേഷ് അഭിമുഖീകരിച്ച കടുത്ത പോരാട്ടം കണക്കിലെടുത്താൽ ഇത് അവർക്കുവേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യമാണ്. ഒരു മെഡലിനും അവരുടെ കഴിവിനെ പൂർണമായി പ്രതിഫലിപ്പിക്കാനാവില്ല'; അഭിഷേക് ബാനർജി കുറിച്ചു.
വിനേഷ് ഫോഗോട്ട് ഭാരപരിശോധനയിൽ പരാജയപ്പെട്ട് പാരിസ് ഒളിമ്പിക്സിൽ നിന്ന് അയോഗ്യയായത് രാജ്യത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഒപ്പം സോഷ്യൽ മീഡിയയിൽ സംവാദങ്ങൾക്കും ഇത് തിരിതെളിച്ചു. നിരവധി പേർ വിനേഷ് ഫോഗട്ടിന് പിന്തുണയറിയിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി അവരെ ചാമ്പ്യൻമാരുടെ ചാമ്പ്യൻ എന്നാണ് വിളിച്ചത്.
The GOVERNMENT and OPPOSITION should find a way to form a consensus and either award VINESH PHOGAT the BHARAT RATNA or nominate her to a PRESIDENT -NOMINATED RS SEAT, acknowledging the extraordinary mettle she has demonstrated. This is the least we can do for her, considering…
— Abhishek Banerjee (@abhishekaitc) August 7, 2024
പാരിസ് ഒളിംപിക്സിൽ വിനേഷ് ലക്ഷ്യം വെച്ചത് 57 കിലോഗ്രം വിഭാഗത്തിൽ മത്സരിക്കാനാണ്. എന്നാല് പരിക്കുകള് താരത്തിന്റെ കരിയറിനെ അലട്ടിക്കൊണ്ടിരുന്നു. 57 കിലോഗ്രാം വിഭാഗത്തില് അന്ഷു മാലിക്കും 53 കിലോഗ്രാം വിഭാഗത്തില് അന്തിം പാഗലും യോഗ്യത നേടി. ഇതോടെ 50 കിലോഗ്രാം വിഭാഗത്തില് അല്ലാതെ വിനേഷിന് മത്സരിക്കാന് മറ്റ് മാര്ഗങ്ങള് ഇല്ലെന്നായി. ഒടുവില് ഈ വിഭാഗത്തില് മത്സരിക്കാന് വിനേഷ് ശരീരഭാരം കുറയ്ക്കുകയായിരുന്നു. എന്നാൽ ഫൈനൽ എത്തിയതിന് പിന്നാലെ താരത്തിന് ശരീരഭാരം തിരിച്ചടിയാകുകയായിരുന്നു.100 ഗ്രാം ഭാരം കൂടുതലായതാണ് വിനേഷിന് തിരിച്ചടിയായത്.