ന്യൂഡല്ഹി: ഇന്ത്യന് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില് നിരാശ പ്രകടിപ്പിച്ച് ശശി തരൂര് എംപി. ധൈര്യവും കഴിവും അപാരമായ നിശ്ചയദാര്ഢ്യവും പ്രകടിപ്പിച്ചാണ് വിനേഷ് മുന്നേറിയത്. ഈ അയോഗ്യത എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നും സംഭവത്തില് താരത്തിന്റെ പരിശീലകര്ക്ക് വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കണമെന്നും തരൂര് പറഞ്ഞു.
'വിനേഷ് ഫോഗട്ടിന്റെ ഇതുവരെയുള്ള വിജയം ശ്രദ്ധേയമാണ്. അപാരമായ ധൈര്യവും കഴിവും നിശ്ചയദാര്ഢ്യവും പ്രകടിപ്പിച്ചാണ് അവര് മുന്നേറിയത്. എന്നെ സംബന്ധിച്ചിടത്തോളം വിനേഷ് നമ്മുടെയെല്ലാവരുടെയും ഹൃദയം കീഴടക്കി. സാങ്കേതികപരമായ കാരണങ്ങള് കൊണ്ടുള്ള അവരുടെ അയോഗ്യതയെ കുറിച്ചുള്ള വാര്ത്തയില് ഞാന് വളരെ നിരാശനാണ്', തരൂര് പറഞ്ഞു.
'ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. എല്ലാ നിയമങ്ങളും പാലിക്കേണ്ടതിലും പരിമിതികള് ഉറപ്പുവരുത്തുന്നതിലും വിനേഷിന്റെ പരിശീലകര്ക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കേണ്ടതുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വിനേഷ് നടത്തിയ എല്ലാ പരിശ്രമങ്ങള്ക്കും അര്ഹമായ പ്രതിഫലം ലഭിച്ചില്ല എന്നതാണ് സങ്കടകരമായ കാര്യം', തരൂര് കൂട്ടിച്ചേര്ത്തു.
'വിനേഷിനെതിരെ ഗൂഢാലോചന, 100 ഗ്രാം കുറക്കാനാണോ പ്രശ്നം?'; ആരോപണവുമായി വിജേന്ദർ സിങ്പാരിസ് ഒളിംപിക്സിൽ ഇന്ന് ഫൈനൽ നടക്കാനിരിക്കെയാണ് താരത്തിന് അയോഗ്യത ലഭിച്ചിരിക്കുന്നത്. ഇന്ന് നടന്ന ശരീരഭാര പരിശോധനയിൽ താരം പരാജയപ്പെട്ടു. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാൽ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയിൽ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തി. താരത്തെ അയോഗ്യയാക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീൽ നിരസിക്കപ്പെട്ടാൽ ഇന്ത്യയ്ക്ക് ഉറപ്പായ ഒരു മെഡൽ നഷ്ടമാകും.
പാരിസ് ഒളിംപിക്സിൽ പ്രീക്വാർട്ടറിൽ നിലവിലെ 50 കിലോഗ്രാം വിഭാഗത്തിലെ സ്വർണമെഡൽ ജേതാവായ ജപ്പാൻ താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്. പിന്നാലെ യുക്രെയ്ന് താരം ഒക്സാന ലിവാച്ചിനെ പരാജയപ്പെടുത്തി സെമിയിലേക്കും വിജയിച്ചു. സെമിയിൽ ക്യൂബൻ താരം യുസ്നെലിസ് ലോപ്പസിനെ പരാജയപ്പെടുത്തിയാണ് വിനേഷിന്റെ വിജയം. 5-0 എന്ന സ്കോറിന് സെമിയിൽ വിജയിച്ചാണ് ഇന്ത്യൻ താരം സ്വർണമെഡലിനായുള്ള പോരാട്ടത്തിന് യോഗ്യത നേടിയത്.