പാരീസ്: ഒളിംപിക്സ് ഫൈനലില് നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യന് ഒളിംപിക്സ് അസോസിയേഷന് പ്രസിഡന്റ് പി ടി ഉഷ. വിനേഷ് ഫോഗട്ടിനെ നേരില് കണ്ട് ആശ്വസിപ്പിച്ചെന്നും എല്ലാ പിന്തുണയും നല്കുമെന്നും പി ടി ഉഷ പറഞ്ഞു.
ഭാരം കൂടിയതിനാലാണ് അയോഗ്യയാക്കിയത്. അയോഗ്യതയില് ഗുസ്തി ഫെഡറേഷന് അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന് അപ്പീല് നല്കിയിരുന്നു. സാധാരണയുള്ള നടപടിക്രമങ്ങള് തന്നെയാണ് പിന്തുടര്ന്നത്. ഞങ്ങള് അവളുടെ മുടി വെട്ടി, വസ്ത്രങ്ങള് ചുരുക്കി. സാധ്യമായതെല്ലാം ചെയ്തു. വിനേഷിന്റെ ആരോഗ്യനില നിലവില് തൃപ്തികരമാണ്, പിടി ഉഷ പറഞ്ഞു. ഭാരം കുറയ്ക്കുന്നതിനായി പരിശ്രമിച്ച കാര്യങ്ങള് വിനയ് ഫോഗട്ടിന്റെ ന്യൂട്രീഷ്യന് ഡോ. ദിന്ഷോ പര്ദിവാല വിശദീകരിക്കുകയും ചെയ്തു.
ഒളിംപിക്സ് ഗുസ്തിയില് ഫ്രീസ്റ്റൈല് 50 കിലോഗ്രാം വിഭാഗത്തില് ഇന്ന് കലാശപ്പോരില് മത്സരിക്കാനിരിക്കെ, ഭാരം കൂടുതലുള്ള കാര്യം ഇന്നലെ രാത്രി തന്നെ വിനേഷ് ഫോഗട്ടും പരിശീലകരും തിരിച്ചറിഞ്ഞിരുന്നതായി റിപ്പോര്ട്ട്. ഇതേത്തുടര്ന്ന്, ഇന്നു രാവിലെ ഭാരപരിശോധനയ്ക്കു മുന്പായി നിശ്ചിത ഭാരമായ 50 കിലോഗ്രാമിലേക്ക് എത്താന് രാത്രി മുഴുവന് കഠിനാധ്വാനം ചെയ്യുകയായിരുന്നു താരം. ഭക്ഷണം ഉപേക്ഷിച്ചും കഠിനമായ വ്യായാമ മുറകള് പയറ്റിയും ഭാരം കുറയ്ക്കാന് വിനേഷ് ഫോഗട്ട് കഠിന പ്രയത്നം നടത്തി. പക്ഷേ ഭാരപരിശോധനയില് 100ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി അയോഗ്യയാക്കുകയായിരുന്നു.