ന്യൂഡല്ഹി: വിവാദ നിര്ദേശങ്ങള് അടങ്ങിയ വഖഫ് ഭേദഗതി ബില്ലിനെതിരെ ലോക്സഭയില് പ്രതിപക്ഷനേതാക്കള്. ബില്ലിനെ ഇന്ഡ്യാ സഖ്യം ഒറ്റക്കെട്ടായി എതിര്ത്തു. ബില് ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും മുസ്ലിങ്ങള്ക്കും ന്യൂനപക്ഷങ്ങള്ക്കും എതിരാണെന്നും പ്രതിപക്ഷത്ത് നിന്നുള്ള വിവിധ നേതാക്കള് ഉന്നയിച്ചു. വഖഫ് ഭേദഗതി ബില് ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമെന്ന് പറഞ്ഞ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.
മുസ്ലിം സമൂഹത്തിന് മേല് എന്തിനാണ് ഈ അന്യായം, ഭരണ ഘടനയുടെ ആത്മാവ് തകര്ക്കുന്ന ബില്ലാണിത്. ആര്ട്ടിക്കിള് 14 ന്റെ ലംഘനമാണ്. ബില് ഫെഡറല് തത്വങ്ങള്ക്ക് എതിരാണെന്നും എം പി കനിമൊഴി പറഞ്ഞു.
സര്ക്കാര് ഭരണഘടനയ്ക്ക് എതിരെ പ്രവര്ത്തിക്കുന്നു. മുസ്ലിം, ക്രിസ്ത്യന് വിഭാഗത്തിനെ ഹിന്ദു ക്ഷേത്രത്തിന്റെ ഭരണത്തില് കൈകടത്താന് അനുവദിക്കുമോ?, സാമാന്യ നീതിക്ക് എതിരാണ് ബില്. പല പള്ളികളും അപകടത്തിലാണ്. ബില് സര്ക്കാര് പിന്വലിക്കണം. ബില്ലിന്റെ കരട് പകര്പ്പ് ആദ്യം ലഭിച്ചത് മാധ്യമങ്ങള്ക്കാണ്. ബില്ല് അവതരിപ്പിച്ചതിലൂടെ പാര്ലമെന്റിനെ അപമാനിക്കുകയാണെന്നും എം പി സുപ്രിയ സുലെ വിമര്ശിച്ചു.
ആര്ട്ടിക്കിള് 14 ,15, 25, 26,30 എന്നിവയുടെ ലംഘനവും ഭരണഘടനയുടെ പരസ്യമായ ലംഘനവുമാണ് ബില്ലെന്ന് ഇടി മുഹമ്മദ് ബഷീര് എം പി പറഞ്ഞു.
ദുരുദ്ദേശത്തോടെയുള്ള ബില് ആണിത്. അധികാരങ്ങള് കളക്ടര്ക്ക് നല്കുന്ന ബില്. വഖഫ് ബോര്ഡ് ചെയര്മാനേക്കാള് കളക്ടര്ക്കാണ് അധികാരം കൂടുതല്. സര്ക്കാര് അനീതി നടപ്പാക്കാന് ശ്രമിക്കുന്നുവെന്നും സര്ക്കാര് സംവിധാനങ്ങളെ കൊല്ലുന്നുവെന്നും കെ രാധാകൃഷ്ണന് എം പിയും ഉന്നയിച്ചു.
ബില് സ്റ്റാന്ഡിങ് കമ്മിറ്റിക്ക് വിടണം. മുസ്ലിം സമുദായത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയാണ്. കോടതിയിലെത്തിയാല് തള്ളപെടാവുന്ന ബില്ലാണിത്. ബോര്ഡിന്റെ അധികാരങ്ങള് പൂര്ണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ബില്ലാണെന്ന് എന് കെ പ്രേമചന്ദ്രന് എം പി പറഞ്ഞു.
സ്വത്ത് വഖഫിന് നല്കാനുള്ള വിശ്വാസിയുടെ അവകാശം തടയുന്നതാണ് ബില്ലെന്നും വഖഫ് സ്വത്ത് ഏറ്റെടുക്കാനുള്ള സര്ക്കാര് നീക്കമാണ് നടക്കുന്നതെന്നും അസദുദ്ദീന് ഉവൈസി വ്യക്തമാക്കി. കണക്കുകൂട്ടിയുള്ള രാഷ്ട്രീയനീക്കമാണ് നടക്കുന്നതെന്നും നിരാശയില് നിന്നാണ് ബിജെപി ബില് കൊണ്ടുവന്നതെന്നും അഖിലേഷ് യാദവും കൂട്ടിച്ചേര്ത്തു.
കിരണ് റിജിജുവാണ് ബില്ല് അവതരിപ്പിക്കാന് ലോക്സഭയില് അനുമതി തേടിയത്. ബില്ലിനെ കോണ്ഗ്രസ്, ഡിഎംകെ, തൃണമൂല് കോണ്ഗ്രസ്, സമാജ്വാദി, ആം ആദ്മി, സിപിഎം തുടങ്ങിയ എല്ലാ പ്രതിപക്ഷ പാര്ട്ടി അംഗങ്ങളും തുറന്നെതിര്ത്തു. ചര്ച്ചക്കിടെ അഖിലേഷ് യാദവും അമിത് ഷായും തമ്മില് രൂക്ഷമായ തര്ക്കവും സഭയില് നടന്നു. ബില് വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്ന് എന്ഡിഎ സഖ്യകക്ഷിയായ എല്ജെപി ആവശ്യപ്പെട്ടു.