പട്ന: ബിഹാറിൽ പാലങ്ങൾ തകരുന്നത് പതിവ് കാഴ്ചയാകുമ്പോൾ വൈറലാവുകയാണ് മൂന്ന് കോടി രൂപയുടെ ഒരു പാലം. ബിഹാറിലെ അററിയ ജില്ലയിലെ പരമാനന്ദപൂർ എന്ന ഗ്രാമത്തിലാണ് ഈ വൈറൽ പാലം. ആർക്ക്?, എന്തിന്? എന്ന് ചോദിച്ചുപോകും വിധത്തിലാണ് ഈ പാലത്തിന്റെ നിർമ്മാണം. ഒരു പാടശേഖരത്തിൻ്റെ നടവിൽ അപ്രോച്ച് റോഡ് പോലുമില്ലാതെ കോൺക്രീറ്റ് കൊണ്ട് കെട്ടിപ്പൊക്കിയിരിക്കുന്ന ഈ പാലത്തിന് ചെലവായത് മൂന്ന് കോടി രൂപയാണ്.
മുഖ്യമന്ത്രിയുടെ ഗ്രാമീൺ സഡക് പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതിയിൽ പാലം മാത്രമല്ല മൂന്ന് കിലോമീറ്റർ നീളമുളള റോഡും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ പാടശേഖരത്തിന് നടുവിൽ പാലം കെട്ടിയുയർത്തിയ പാലത്തിന് അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ല. റോഡില്ലാത്തതിനാൽ വാഹനങ്ങൾക്കെന്നല്ല, ജനങ്ങൾക്ക് പോലും പാലം കയറണമെങ്കിൽ ഒരു കുന്ന് കയറുന്ന പരിശ്രമം വേണം.
റോഡില്ലാതിരുന്ന ഈ ഗ്രാമത്തിലേക്ക് പാടത്തിന് കുറുകെയുള്ള ചെറിയ വെള്ളക്കെട്ട് മുറിച്ച് കടക്കും വിധത്തിലായിരുന്നു റോഡും നടുവിലുള്ള പാലവും പണിയാൻ പദ്ധതി തയ്യാറാക്കിയത്. പാടത്തിന്റെ ഉടമസ്ഥൻ ആദ്യം റോഡിനും പാലത്തിനും സമ്മിതിച്ചിരുന്നെങ്കിലും പിന്നീട് ഇയാൾ പണം കൂടുതൽ ആവശ്യപ്പെട്ടതോടെ പദ്ധതി പാതിയിൽ മുടങ്ങുകയായിരുന്നു എന്ന് നാട്ടുകാരിൽ ഒരാൾ പറയുന്നതായാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
സോഷ്യൽ മീഡിയയിൽ മൂന്ന് കോടിയുടെ പാലം വൈറലായതോടെ ഉദ്യോഗസ്ഥരും രംഗത്തെത്തി. പാലത്തിന്റെ വീഡിയോ വൈറലായപ്പോൾ മാത്രമാണ് അറിയുന്നത് എന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. എന്തുകാണ്ട് ഇത് സംഭവിച്ചു എന്ന് അന്വേഷിച്ച് തീരുമാനമുണ്ടാക്കുമെന്നും റോഡ് പണിയാനുള്ള നിയമ തടസങ്ങളെ നേരിടുമെന്നുമാണ് അററിയ ജില്ല മജിസ്ട്രേറ്റ് ഇനയത്ത് ഖാൻ പറഞ്ഞതായാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
പാലങ്ങൾ തകരുന്നത് തുടർക്കഥയായ ബിഹാറിൽ സർക്കാരിന് തലവേദന ആയിരുന്നു. അപ്പോഴാണ് ഒരു 'പഞ്ചവടിപ്പാലം' ബിഹാറിൽ പുതിയ വിവാദങ്ങളുടെ കേന്ദ്രമാകുന്നത്. 2024-ൽ ഇതുവരെ 18 പാലങ്ങളാണ് ബിഹാറിൽ തകര്ന്നു വീണത്. ഇതോടെ പ്രതിപക്ഷം വിമര്ശനവുമായി രംഗത്തെത്തിയിരുന്നു. മഴക്കാലമായത് കൊണ്ടാണ് പാലങ്ങൾ തകരുന്നത് എന്നാണ് കേന്ദ്രമന്ത്രിയും ബിഹാര് മുന്മുഖ്യമന്ത്രിയായ ജിതൻ റാം മാഞ്ചി ന്യായീകരിച്ചത്. തകര്ന്ന പാലങ്ങളിൽ ഭൂരിഭാഗവും ആഴം കുറഞ്ഞ അടിത്തറയുള്ളതാണെന്നും 30 വർഷം പഴക്കമുള്ളവയാണെന്നുമായിരുന്നു ഒരു ഉദ്യോഗസ്ഥൻ്റെ വിശദീകരണം.
ക്ഷേത്ര ഉത്സവ പോസ്റ്ററിൽ മിയാ ഖലീഫയുടെ ചിത്രം; വിവാദമായതോടെ പോസ്റ്റർ നീക്കം ചെയ്തു