'പൊട്ട് തൊടുന്നതിന് വിലക്കില്ലല്ലോ'; ഹിജാബ് വിലക്കിയ കോളേജ് നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി

'സ്ത്രീകൾ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാൻ അവരെ അനുവദിക്കേണ്ടതല്ലേ? നിങ്ങളുടെ ഡ്രസ് കോഡ് അടിച്ചേൽപ്പിച്ചുകൊണ്ട് എവിടെയാണ് നിങ്ങൾ സ്ത്രീകളെ ശാക്തീകരിക്കുന്നത്?'; ജസ്റ്റിസ് ഖന്ന ചോദിച്ചു

dot image

ഡൽഹി: മുബൈയിലെ സ്വകാര്യ കോളേജിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിദ്യാർത്ഥികൾ ക്യാമ്പസിൽ ഹിജാബ്, തൊപ്പി, ബാഡ്ജുകൾ എന്നിവ ധരിക്കുന്നത് വിലക്കിയ നടപടിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹിജാബ്, തൊപ്പി, ബാഡ്ജ് എന്നിവ ധരിക്കരുതെന്ന് വ്യക്തമാക്കുന്ന, ഉത്തരവിലെ രണ്ടാമത്തെ വ്യവസ്ഥ ഭാഗികമായി സ്റ്റേ ചെയ്യുന്നുവെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

മുംബൈയിലെ എൻ ജി ആചാര്യ ആന്റ് ഡി കെ മറാത്ത കോളേജിലെ മൂന്ന് വിദ്യാർത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോളേജിലെ ഡ്രസ് കോഡിനെതിരെ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ഇവർ സുപ്രീം കോടതിയിലേക്ക് നീങ്ങിയത്. കഴിഞ്ഞ നാല് വർഷമായി കോളേജിൽ വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നുണ്ടെന്നും അന്നുവരെ ഇല്ലാത്ത പ്രശ്നം പെട്ടന്നാണ് ഉണ്ടായതെന്നും വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. കോളിൻ ഗോൺസാൽവസ് പറഞ്ഞു.

'എന്താണിത്? അവർ മതം പരസ്യപ്പെടുത്തുന്നില്ല, പേരുകൊണ്ടും മറ്റ് കാര്യങ്ങൾക്കൊണ്ടുമാണ് മതം വെളിവാകുന്നത്'; കോളേജിന് വേണ്ടി ഹാജരായ മാധവി ധിവാനോട് ജസ്റ്റിസ് ഖന്ന ചോദിച്ചു. തങ്ങളുടേത് സ്വകാര്യ അൺ എയ്ഡഡ് സ്കൂളുളാണെന്ന് ധിവാൻ പറഞ്ഞു. 'ആയിരിക്കാം, പക്ഷേ ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കരുത്' എന്ന് ഖന്ന മറുപടി നൽകി. 'നിങ്ങൾക്ക് കുട്ടികൾ മതം വെളിപ്പെടുത്തുന്നത് താത്പര്യമില്ല... അവരുടേ പേര് അവരുടെ മതം വെളിപ്പെടുത്തുന്നില്ലേ? പേര് വിളിച്ച് അഭിസംബോധന ചെയ്യാതിരിക്കാൻ നിങ്ങൾ അവർക്ക് ഗേറ്റിൽ നമ്പർ നൽകുമോ?'; ജസ്റ്റിസ് സഞ്ജയ് കുമാർ ചോദിച്ചു.

'ഞങ്ങൾക്ക് 441 മുസ്ലിം വിദ്യാർത്ഥികളുണ്ട്. അവർക്ക് ആർക്കും പ്രശ്നമില്ല. ആകെ ഈ മൂന്ന് വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രശ്നം'; മാധവി ധിവാൻ കോടതിയിൽ പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പോലും നിയന്ത്രണങ്ങളുണ്ടെന്നും മാധവി കൂട്ടിച്ചേർത്തു. 'സ്ത്രീകൾ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാൻ അവരെ അനുവദിക്കേണ്ടതല്ലേ? നിങ്ങളുടെ ഡ്രസ് കോഡ് അടിച്ചേൽപ്പിച്ചുകൊണ്ട് എവിടെയാണ് നിങ്ങൾ സ്ത്രീകളെ ശാക്തീകരിക്കുന്നത്?'; ഖന്ന ചോദിച്ചു. നാളെ ആളുകൾ കാവി ഷാൾ ധരിച്ച് വരുന്നതും അംഗീകരിക്കാനാകില്ല. ക്യാമ്പസ് രാഷ്ട്രീയമോ മതപരമോ ആയ തീരുമാനമെടുക്കുന്നില്ലെന്നും മാധവിയും മറുപടി നൽകി.

2008 ലാണ് കോളേജ് ആരംഭിച്ചതെന്നിരിക്കെ പെട്ടന്ന് നിയമം നടപ്പിലാക്കിയതിനെ കോടതി ചോദ്യം ചെയ്തു. ഇപ്പോഴാണോ രാജ്യത്ത് മതമുണ്ടെന്ന് നിങ്ങൾ തിരിച്ചറിഞ്ഞതെന്നായിരുന്നു കോടതി ചോദിച്ചത്. മുഖം മറയ്ക്കുന്ന വസ്ത്രം പരസ്പരമുള്ള സംവാദത്തെ തടസ്സപ്പെടുത്തുന്നുവെന്നാണ് മറുഭാഗത്തിന്റെ വാദം. പൊട്ട് തൊട്ടുവരുന്നവരെ കോളേജ് വിലക്കുമോ? ഇല്ലല്ലോ എന്നായിരുന്നു കോടതിയുടെ അടുത്ത ചോദ്യം. സ്ഥാപനം തുടങ്ങി വര്ഷങ്ങള്ക്ക് ശേഷം ഇത്തരം തീരുമാനങ്ങള് എടുക്കുന്നത് നിര്ഭാഗ്യകരമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us