'സെബി'ക്ക് അദാനി ബന്ധം?; ഷെല് കമ്പനികളിൽ സെബി ചെയർപേഴ്സണ് നിക്ഷേപമെന്ന് ഹിൻഡൻബർഗ്

അദാനിക്കെതിരായ അന്വേഷണം വഴിമുട്ടാൻ കാരണം ഈ ബന്ധമെന്ന് ഹിൻഡൻബർഗ്

dot image

ഡൽഹി: കേന്ദ്ര സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും വെട്ടിലാക്കി ഹിൻഡൻബർഗിന്റെ പുതിയ വെളിപ്പെടുത്തൽ. സെബി ചെയർപേഴ്സൺ മാധവി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്റെ രഹസ്യ വിദേശ കമ്പനികളിൽ (ഷെല് കമ്പനികള്) നിക്ഷേപമുണ്ടെന്ന വിവരമാണ് ഹിൻഡൻബർഗ് പുറത്തുവിട്ടിരിക്കുന്നത്. ഇതാണ് അദാനിക്കെതിരായ അന്വേഷണം വഴിമുട്ടാൻ കാരണമെന്നും ഹിൻഡൻബർഗ് ആരോപിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരം പുറത്തുവിടുമെന്ന് ഹിന്ഡന്ബര്ഗ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞവർഷം പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയാണ് അന്വേഷണം നടത്തുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായില്ല എന്ന വിമർശനം നിലനിൽക്കെയാണ് ഹിൻഡൻബർഗിന്റെ പുതിയ ആരോപണം. ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു. ഈ ഷെൽ കമ്പനികളിലാണ് സെബി ചെയർപേഴ്സൻ മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന് സെബി ആരോപിക്കുന്നത്.

അദാനി ഗ്രൂപ്പ് ഓഹരികള് വിലപെരുപ്പിച്ചുകാട്ടിയെന്നായിരുന്നു ഹിന്ഡന്ബര്ഗ് ആദ്യം പുറത്തുവിട്ട റിപ്പോര്ട്ട്. 2023 ജനുവരിയിലാണ് ഹിന്ഡന്ബര്ഗ് റിപ്പോര്ട്ട് പുറത്തുവിട്ടത്. ദശാബ്ദങ്ങളായി അദാനി ഗ്രൂപ്പ് കമ്പനി സ്റ്റോക്കില് കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പില് ഏര്പ്പെട്ടിട്ടുണ്ടെന്നും ഹിന്ഡന്ബര്ഗ് റിപ്പോര്ട്ടില് പറഞ്ഞിരുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്ട്ടില് ചൂണ്ടികാട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നെന്നും ആരോപണം ഉയര്ന്നിരുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ സുപ്രീം കോടതി സെബിയോട് അന്വേഷിക്കാന് ഉത്തരവിട്ടിരുന്നു. 2023 ഓഗസ്റ്റ് 14 നുള്ളില് അന്വേഷണം നടത്താന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും അന്തിമ റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നില്ല. തുടര്ന്ന് സെബിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട് കേന്ദ്രസർക്കാരിനും അദാനി ഗ്രൂപ്പിനും ഒരുപോലെ തിരിച്ചടിയാകും. ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമാണ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ എന്ന സെബി. സെബി ചെയർപേഴ്സൺ അദാനിയുടെ ഓഹരി തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ആരോപണം പ്രതിപക്ഷവും ഏറ്റെടുക്കും. ഹിൻഡൻബർഗിന്റെ റിപ്പോർട്ടുകളിൽ സമഗ്ര അന്വേഷണം വേണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നതിനാൽ വിഷയത്തിലെ സുപ്രീം കോടതി ഇടപെടലുകളും ഇനി പ്രധാനമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us