ഡൽഹി: അദാനി ഗ്രൂപ്പിന്റെ വിദേശത്തെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ വെളിപ്പെടുത്തൽ വന്നിട്ടും സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് രാജിവെക്കാത്തത് എന്തുകൊണ്ടെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിക്ഷേപകരുടെ സമ്പാദ്യം നഷ്ടമായാൽ ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി പാർലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുതിയ സാഹചര്യത്തിൽ വിഷയം സുപ്രീംകോടതി സ്വമേധയാ പരിശോധിക്കുമോ എന്നും രാഹുൽഗാന്ധി ചോദിച്ചു.
ഒന്നര വർഷമായിട്ടും അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബി അന്വേഷണം പൂർത്തിയാക്കാത്തത് അദാനിയുടെ കമ്പനിയുമായി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവിനുമുള്ള ബന്ധം കാരണമാണെന്നാണ് ഇന്നലെ പുറത്തുവിട്ട റിപ്പോര്ട്ടില് ഹിൻഡൻബർഗ് ആരോപിക്കുന്നത്. അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞവർഷം പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയാണ് അന്വേഷണം നടത്തുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായില്ല എന്ന വിമർശനം നിലനിൽക്കെയാണ് ഹിൻഡൻബർഗിന്റെ പുതിയ ആരോപണം വന്നത്. ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു. ഈ ഷെൽ കമ്പനികളിലാണ് സെബി ചെയർപേഴ്സൻ മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് ആരോപിക്കുന്നത്.
സെബി ചെയർപേഴ്സണും അദാനി ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് സെബി തള്ളിയിരുന്നു.അദാനിക്കെതിരായ അന്വേഷങ്ങൾ വൈകിയിട്ടില്ലെന്നും 24 അന്വേഷണങ്ങളിൽ 23 എണ്ണവും പൂർത്തിയായെന്നും അവസാന അന്വേഷണം ഉടൻ പൂർത്തീകരിക്കുമെന്നും വാർത്താകുറിപ്പിലൂടെ സെബി വ്യക്തമാക്കി. വ്യക്തിപരമായ ആരോപണങ്ങൾക്ക് ചെയർപേഴ്സൺ മറുപടി പറഞ്ഞിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ പറയുന്നു.
ഇന്ത്യക്കാരുടെ യുകെ സ്വപ്നത്തിന് തിരിച്ചടി; വിദേശ റിക്രൂട്ട്മെന്റ് നിയന്ത്രണത്തിന് നീക്കം