കൊൽക്കത്ത: 'വേണമെങ്കിൽ തൂക്കി കൊല്ലൂ', ആർജി കർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടറുടെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് കസ്റ്റഡിയിലിരിക്കെ പൊലീസിനോട് പറഞ്ഞ വാക്കുകളാണിത്. തീർത്തും നിർവ്വികാരനായി, പശ്ചാത്താപമേതുമില്ലാതെയാണ് പ്രതിയുടെ പ്രതികരണമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ആശുപത്രിയിലെ സെമിനാര് ഹാളില് ശരീരത്തില് മുറിവുകളോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്ട്ടത്തില് കൊലപാതകത്തിന് മുമ്പ് ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു.
സഞ്ജയ് റോയ് ആശുപത്രി ജീവനക്കാരനല്ല. കൊൽക്കത്ത പൊലീസിന്റെ സിവിക് വളണ്ടിയറായ ഇയാൾ ആശുപത്രിയിലെ പബ്ലിക് ഔട്ട് പോസ്റ്റിലാണ് ജോലി ചെയ്തിരുന്നത്. ദുരന്തം പോലുള്ള അടിയന്തരഘട്ടങ്ങളിൽ പൊലീസിനെ സഹായിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നവരാണ് സിവിക് വളണ്ടിയർമാർ. കരാർ ജീവനക്കാരായ ഇവർക്ക് മാസം 12000 രൂപയാണ് ശമ്പളം. ട്രാഫിക് നിയന്ത്രിക്കുന്നതടക്കമുള്ള ജോലികളിലും പൊലീസ് ഇവരെ ഉൾപ്പെടുത്താറുണ്ട്.
2019 ൽ കൊൽക്കത്ത പൊലീസിന്റെ സിവിക് വളണ്ടിയറായി ജോലി ആരംഭിച്ച ഇയാളെ പിന്നീട് ആർജി കർ മെഡിക്കൽ കോളേജിന്റെ പൊലീസ് ഔട്ട് പോസ്റ്റിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ രോഗികൾക്ക് അഡ്മിഷൻ ശരിയാക്കാനും കിടക്കകൾ ലഭിക്കാനുമെല്ലാം രോഗികളുടെ ബന്ധുക്കളിൽ നിന്ന് ഇയാൾ കൈക്കൂലി വാങ്ങുമെന്നുമാണ് ലഭിക്കുന്ന വിവരം. പൊലീസുകാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ അധികാരമോ ഇല്ലെന്നിരിക്കെ ഇയാൾ കെപി (കൊൽക്കത്ത പൊലീസ്) എന്നെഴുതിയ ടിഷർട്ട് ധരിച്ചാണ് നടക്കാറുള്ളത്. ബൈക്കിലും കെപി എന്ന ടാഗ് ഒട്ടിച്ചിട്ടുണ്ട്. കൊൽക്കത്ത പൊലീസ് ജീവനക്കാരനാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്താറുള്ളത്. റോയ് നാല് തവണ വിവാഹിതനായിരുന്നുവെന്നും ഇയാളുടെ മോശം പെരുമാറ്റം കാരണം മുന് ഭാര്യമാരില് മൂന്ന് പേര് ഉപേക്ഷിച്ചു പോയെന്നും അയല്വാസികള് പറഞ്ഞു. പ്രതി ദിവസവും മദ്യപിച്ചാണ് വീട്ടില് വരാറുള്ളതെന്നും അയല്വാസികള് പൊലീസിനെ അറിയിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജിലെയും ആശുപത്രിയിലെയും എല്ലാ ഡിപ്പാർട്ട്മെന്റിലും ഇയാൾക്ക് പ്രവേശിക്കാനാകും. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ എമർജൻസി ബിൽഡിങ്ങിലേക്ക് പുലർച്ചെ നാല് മണിക്ക് റോയ് കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ ദൃശ്യത്തിൽ ഇയാളുടെ പക്കലുണ്ടായിരുന്ന ബ്ലൂട്ടൂത്ത് ഇയർഫോൺ തരിച്ച് ഇറങ്ങുമ്പോൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. റോയിയുടെ ഫോണുമായി പെയർ ചെയ് ഈ ഹെഡ് സെറ്റ് ഡോക്ടറുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ചു. റോയിക്കെതിരായ പ്രധാന തെളിവുകളിലൊന്നാണ് ഈ ബ്ലൂടൂത്ത് ഹെഡ് സെറ്റ്.
പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് ഇയാൾ സമ്മതിച്ചു. ഇയാളുടെ മൊബൈൽ ഫോണിൽ നിറയെ പോണോഗ്രഫിക് ദൃശ്യങ്ങളാണെന്നും പൊലീസ് പറഞ്ഞു.
പ്രതിയെ ഓഗസ്റ്റ് 23 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡോക്ടറുടെ കൊലപാതകം രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്. ഡോക്ടർമാരുടെ സുരക്ഷയിൽ ചോദ്യമുയരുകയും ആര് ജി കാര് മെഡിക്കല് കോളേജിലെ മുഴുവന് സുരക്ഷാ ഏജന്സിക്കും പിഴവുകളുണ്ടെന്ന് റസിഡന്റ് ഡോക്ടര്മാര് ആരോപിക്കുകും ചെയ്തതോടെ ദീര്ഘകാലമായി ആശുപത്രിയുടെ ചുമതല വഹിച്ചിരുന്ന സൂപ്രണ്ട് ഡോ.സഞ്ജയ് വസിഷ്ഠയെ മാറ്റി പകരം ആശുപത്രി ഡീന് ബുല് ബുല് മുഖോപാധ്യായയെ സൂപ്രണ്ടായി നിയമിച്ചു.