കൊല്ക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില് പ്രതിഷേധം ശക്തമാവുന്നതിനിടെ ആര് ജെ കര് മെഡിക്കല് കോളേജ് പ്രിന്സിപ്പല് രാജിവെച്ചു. ഡോ. സന്ദീപ് ഘോഷ് ആണ് രാജി സമര്പ്പിച്ചത്. സംഭവത്തിന് പിന്നാലെ സോഷ്യല്മീഡിയയില് താന് അപമാനിക്കപ്പെടുകയാണെന്നും ഇരയാക്കപ്പെട്ട പെണ്കുട്ടി തനിക്ക് മകളെ പോലെയാണെന്നും സന്ദീപ് ഘോഷ് പ്രതികരിച്ചു.
'രക്ഷിതാവെന്ന നിലയില്, ഞാന് രാജിവെക്കുന്നു. ഇനി വയ്യ. ഭാവിയില് ഇത്തരം സംഭവങ്ങള് ആവര്ത്തിക്കരുത്', എന്നായിരുന്നു സന്ദീപ് ഘോഷിന്റെ വാക്കുകള്. സംഭവത്തില് കര് മെഡിക്കല് കോളേജ് സുപ്രണ്ടിനെ സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെയാണ് രാജി. ദീര്ഘകാലമായി ആശുപത്രിയുടെ ചുമതല വഹിച്ചിരുന്ന സൂപ്രണ്ട് ഡോ.സഞ്ജയ് വസിഷ്ഠയെ മാറ്റി പകരം ആശുപത്രി ഡീന് ബുല് ബുല് മുഖോപാധ്യായയെ ചുമതലപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച്ച പുലര്ച്ചെയായിരുന്നു രാജ്യത്തെ നടുക്കി പി ജി ട്രെയിനിയായ വനിതാ ഡോക്ടര് ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. സര്ക്കാര് ഉടമസ്ഥതയിലുള്ള കോളേജാണിത്. കോളേജിലെ സെമിനാര് ഹാളിനുള്ളില് അര്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്കുട്ടി ഇരയായതായി പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായത്. സംഭവത്തില് സഞ്ജയ് റോയ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തില് രാജ്യത്തെ വിവിധ നഗരങ്ങളില് ഡോക്ടര്മാര് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂഡല്ഹി, മുംബൈ, കൊല്ക്കത്ത ഉള്പ്പെടെയുള്ള നഗരങ്ങളിലെ ഡോക്ടര്മാര് അടിയന്തര ചികിത്സയൊഴികെ മറ്റെല്ലാ സേവനങ്ങളും നിര്ത്തിവെച്ച് സമരം ചെയ്യുമെന്നാണ് പ്രഖ്യാപനം. അതിനിടെ കേസ് അന്വേഷണം കേന്ദ്ര ഏജന്സിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കോടതിയില് പൊതുതാല്പര്യ ഹര്ജിയെത്തി. സംസ്ഥാന പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നാണ് ഹര്ജിയിലെ പ്രധാന ആക്ഷേപം.