അധ്യാപകർ വർഷങ്ങളായി വിദേശത്ത്, ശമ്പളം കൃത്യമായി അക്കൗണ്ടിൽ; ഗുജറാത്തിൽ പുറത്തെത്തിയത് വൻ തട്ടിപ്പ്

ഇത്തരം കേസുകൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

dot image

അഹമ്മദാബാദ്: ഗുജറാത്ത് സ്വദേശിയായ ഭാവ്ന പട്ടേൽ അമേരിക്കയിൽ സ്ഥിരതാമസമാണ്. എന്നാൽ റെക്കോർഡ് പ്രകാരം ഇവർ ഗുജറാത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപികയാണ്. തന്റെ ഡ്യൂട്ടി ചെയ്യുന്നില്ലെങ്കിലും മാസം ശമ്പളം ഇവരുടെ അക്കൗണ്ടിലേക്കും വരുന്നുണ്ട്. ശമ്പളപ്പട്ടികയിലുള്ളവർക്ക് പകരം താത്കാലികമായി ആളുകൾ സേവനമനുഷ്ഠിക്കുന്ന ഇത്തരം ചില കേസുകൾ കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയിരുന്നു. ഇത്തരം കേസുകൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എല്ലാവർഷവും ദീപാവലിക്ക് മാത്രം നാട്ടിലെത്തുന്ന ഭാവ്ന പട്ടേലിന്റെ അക്കൌണ്ടിലേക്കാണ് ജോലി ചെയ്യാതെ മാസാമാസം ശമ്പളമെത്തുന്നത്. സ്കൂളിലെ ആക്ടിങ് പ്രിൻസിപ്പൽ ജില്ലാ പ്രൈമറി എഡ്യുകേഷൻ ഓഫീസറെയും വിദ്യാഭ്യാസ വകുപ്പിനെയും വിദ്യാഭ്യാസ മന്ത്രിയെയും വിവരമറിയിക്കുകയായിരുന്നു. ഇതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു.

സംഭവത്തിൽ അധ്യാപികയ്ക്ക് പ്രതിരോധം തീർത്താണ് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്. അധ്യാപിക അവധിയിലാണെന്നും എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കുമെന്നുമായിരുന്നു മന്ത്രി പ്രഫുല്ല പൻസാരിയയുടെ പ്രതികരണം. അധ്യാപികയ്ക്ക് 2024 ജനുവരി ഒന്ന് മുതൽ ശമ്പളം വിതരണം ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൃത്യമായ അന്വേഷണം നടത്തുമെന്ന് സംസ്ഥാന സർക്കാരിന്റെ വക്താവും മന്ത്രിയുമായ റിഷികേശ് പട്ടേൽ വ്യക്തമാക്കി. അന്വേഷണം സുതാര്യമായിരിക്കും. പാസ്പോർട്ട് രേഖകളും അറ്റൻ്റൻസ് ഷീറ്റും പരിശോധിക്കുമെന്നും റിഷികേശ് പട്ടേൽ കൂട്ടിച്ചേർത്തു.

ഭാവ്ന പട്ടേലിന്റെ വിവരം പുറത്തുവന്നതോടെ മറ്റ് രണ്ട് കേസുകൾ കൂടിയാണ് പുറത്തുവന്നത്. ഏറെ കാലമായി ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന രണ്ട് അധ്യാപകരുടെ വിവരങ്ങളാണ് പുറത്തുവന്നത്. പ്രൈമറി സ്കൂൾ അധ്യാപകരായ ആഷിഷ് പട്ടേൽ, ദർശൻ പട്ടേൽ എന്നിവരാണ് സ്കൂളിലെത്താതെ ശമ്പളം വാങ്ങുന്നത്. ആഷിഷ് പട്ടേലിന് പകരം വിജയ് എന്ന അധ്യാപകൻ ക്ലാസെടുക്കാൻ തുടങ്ങിയതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. മാധ്യമപ്രവർത്തകൻ സ്കൂളിലെത്തിയതോടെ വിജയ് രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ താലൂക്ക് ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു.

ദർശൻ പട്ടേൽ കഴിഞ്ഞ രണ്ട് വർഷമായി കാനഡയിലാണ്. എന്നിട്ടും ഇയാൾ സ്കൂളിലെ പേ റോളിൽ തുടരുന്നുണ്ട്. അധികൃതരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. 2022 നവംബർ 10 മുതൽ ദർശൻ സ്കൂളിൽ വരുന്നില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ ഇയാൾ അവധിക്ക് അപേക്ഷിച്ചിട്ടുമില്ല. തുടർച്ചയായി നോട്ടീസ് നൽകിയിട്ടും മറുപടി ലഭിച്ചതുമില്ല. സമാനമായ നിരവധി കേസുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us