മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബരാമതി മണ്ഡലത്തിൽ ഭാര്യ സുനേത്രയെ മത്സരിപ്പിച്ചതിൽ പശ്ചാത്താപമുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ. അജിത് പവാറിന്റെ പിതൃസഹോദരീപുത്രിയും എൻസിപി ശരദ് പവാർ വിഭാഗം നേതാവുമായ സുപ്രിയ സുലെയായിരുന്നു ബരാമതിയിൽ എതിർസ്ഥാനാർത്ഥി. സുപ്രിയക്കെതിരെ സുനേത്രയെ മത്സരിപ്പിച്ചത് തെറ്റായിപ്പോയെന്നാണ് ഇപ്പോൾ അജിത് പവാർ പറഞ്ഞിരിക്കുന്നത്.
എൻസിപി പിളർത്തി അജിത് പവാറും കൂട്ടരും എൻഡിഎയ്ക്കൊപ്പം പോകുകയായിരുന്നു. അങ്ങനെയാണ് എൻസിപിയിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരം നടന്നത്. ബരാമതിയിൽ സുപ്രിയ സുലെ വിജയിക്കുകയും ചെയ്തു. ഇപ്പോൾ സംസ്ഥാനത്ത് 'ജൻസമ്മാൻ യാത്ര' പര്യടനം നടത്തുന്നതിനിടെയാണ് ഒരു മറാത്തി ചാനലിനോട് അജിത് പവാർ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയം കുടുംബത്തെ ബാധിക്കാൻ പാടില്ലെന്നാണ് അജിത് പവാർ പറയുന്നത്. എന്റെ എല്ലാ സഹോദരിമാരെയും ഞാൻ സ്നേഹിക്കുന്നു. വീടുകളിലേക്ക് രാഷ്ട്രീയം കടന്നുവരാൻ ആരും അനുവദിക്കരുത്. സുനേത്രയെ എന്റെ സഹോദരിക്കെതിരെ മത്സരിപ്പിച്ചതിൽ ഞാൻ ഖേദിക്കുന്നു. അത് സംഭവിക്കരുതായിരുന്നു. പാർട്ടി പാർലമെന്ററി ബോർഡിന്റെ തീരുമാനമായിരുന്നു അത്. അത് തെറ്റായിപ്പോയെന്ന് എനിക്കിപ്പോൾ തോന്നുന്നു. അജിത് പവാർ പറയുന്നു.
അടുത്തയാഴ്ച രക്ഷാബന്ധൻ ദിനത്തിൽ സഹോദരി സുപ്രിയയെ സന്ദർശിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ താൻ പര്യടനത്തിലാണെന്നും ആ ദിവസം ഒരേ സ്ഥലത്തുണ്ടെങ്കിൽ താൻ അവരെ ഉറപ്പായും കാണുമെന്നും അജിത് പവാർ മറുപടി നൽകി. ശരദ് പവാർ മുതിർന്ന നേതാവാണെന്നും തങ്ങളുടെ കുടുംബത്തിന്റെ നാഥനാണെന്നും അജിത് പവാർ പ്രതികരിച്ചു. ശരദ് പവാർ തനിക്കെതിരെ നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. മഹാരാഷ്ട്രയിൽ ഭരണത്തിലുള്ള മഹായുതി സഖ്യത്തിന്റെ ഭാഗമായ ബിജെപിയും ശിവസേനയും ശരദ് പവാറിനെ ഉന്നംവെക്കുന്നതിൽ അദ്ദേഹം പ്രതികരിച്ചു. മഹായുതി സഖ്യകക്ഷികൾ അവരെന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കണമെന്നായിരുന്നു പ്രതികരണം. ഒന്നിച്ച് യോഗം കൂടുമ്പോൾ സ്വന്തം അഭിപ്രായം താൻ വ്യക്തമായി പറയാറുണ്ടെന്നും അജിത് പവാർ പറഞ്ഞു.
ചക്രവാതച്ചുഴി, അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില് അലേര്ട്ട്