രാജ്യം ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറി; രാഷ്ട്രപതി ദ്രൗപതി മുർമു

വൈവിധ്യവും ബഹുസ്വരതയും ഉൾക്കൊള്ളുന്ന ഒരു യോജിച്ച രാഷ്ട്രമായി ഇന്ത്യ മുന്നോട്ട് പോകുന്നു

dot image

ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യത്തിൻ്റെ പുരോഗതി സാമൂഹിക ജനാധിപത്യത്തിലേക്കുള്ള മുന്നേറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി ദ്രൗപതി മുർമു. 'പട്ടികജാതി- പട്ടികവർഗ-മറ്റ് പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങൾ എന്നിവരുടെ ക്ഷേമത്തിനായി അഭൂതപൂർവമായ നടപടികൾ ആരംഭിച്ച നരേന്ദ്ര മോദി സർക്കാർ സാമൂഹിക നീതിക്കാണ് മുൻഗണന നൽകുന്ന'തെന്നും രാഷ്ട്രപതി പറഞ്ഞു.

'സാമൂഹിക ജനാധിപത്യത്തിൻ്റെ അടിത്തറയിലല്ലാതെ രാഷ്ട്രീയ ജനാധിപത്യം നിലനിൽക്കില്ലെ'ന്ന് ബി ആർ അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് മുർമു വ്യക്തമാക്കി. ജനാധിപത്യത്തിൻ്റെ പുരോഗതി സാമൂഹിക ജനാധിപത്യത്തിൻ്റെ ദൃഢീകരണത്തിൻ്റെ തെളിവാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. വൈവിധ്യവും ബഹുസ്വരതയും ഉൾക്കൊള്ളുന്ന ഒരു യോജിച്ച രാഷ്ട്രമായി ഇന്ത്യ മുന്നോട്ട് പോകുന്നുവെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

നേരിട്ടുള്ള സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി സമാജിക് ഉത്താൻ എവം റോസ്ഗർ ആധാരിത് ജൻകല്യൺ (PM-SURAJ), പ്രധാൻ മന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ (PM-JANMAN) എന്നിവയുൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നിരവധി സർക്കാർ സംരംഭങ്ങളെക്കുറിച്ച് പ്രസിഡൻ്റ് മുർമു പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

ശുചീകരണ തൊഴിലാളികൾ അപകടകരമായ ജോലികളിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന തോട്ടിപ്പണി ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന നമസ്തേ പദ്ധതിയെക്കുറിച്ചും രാഷ്ട്രപതി പ്രസംഗത്തിൽ പരാമർശിച്ചു. 'സ്ത്രീകളുടെ ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനും സർക്കാർ തുല്യ പ്രാധാന്യം നൽകിയിട്ടുണ്ട് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ ദശകത്തിൽ ഇതിനായി ബജറ്റ് വിഹിതം മൂന്നിരട്ടിയിലധികം വർദ്ധിച്ചു', രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. സ്ത്രീ സംവരണ നിയമം സ്ത്രീ ശാക്തീകരണത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കാർഷിക സ്വാശ്രയത്വത്തിന് സംഭാവന നൽകുന്ന കർഷകരുടെ സുപ്രധാന പങ്കിനെയും പ്രസംഗത്തിൽ മുർമു ചൂണ്ടിക്കാണിച്ചു.

സാമ്പത്തിക വളർച്ചയുടെ സാധ്യതകളെക്കുറിച്ചും പ്രസംഗത്തിൽ മുർമു ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. റോഡുകൾ, റെയിൽവെ, തുറമുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളിലെ ഗണ്യമായ പുരോഗതിയും പ്രസംഗത്തിൽ രാഷ്ട്രപതി ചൂണ്ടിക്കാണിച്ചു. രാജ്യം ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയെന്നും ദ്രൗപതി മുർമു വ്യക്തമാക്കി.

സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെയും ദ്രൗപതി മുർമു അനുസ്മരിച്ചു. 'രാജ്യത്തിനായി ജീവൻ ത്യജിച്ചവരെ സ്മരിക്കുന്നു. രാജ്യത്തെ ഓരോ വിഭാഗവും സ്വാതന്ത്ര്യത്തിനായി പോരാടി' രാഷ്ട്രപതി പറഞ്ഞു. മഹാത്മാഗാന്ധിയുടെ സംഭാവനകളെയും രാഷ്ട്രപതി അനുസ്മരിച്ചു. രാഷ്ട്ര ശില്പികളുടെ ത്യാഗം അവിസ്മരണീയം. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ലക്ഷക്കണക്കിന് ആളുകൾ വിഭജിക്കപ്പെട്ടു. ആ വേദന മറക്കാനാകാത്തതാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യം മുന്നേറുകയാണെന്ന് വ്യക്തമാക്കിയ ദ്രൗപതി മുർമു രാജ്യം പൂർത്തിയാക്കിയത് ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്നും ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രപതി അഭിനന്ദിച്ചു.

പുതിയതായി നടപ്പിലാക്കിയ ക്രിമിനൽ നിയമങ്ങൾ സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഭാരതീയ ന്യായസംഹിത നടപ്പിലാക്കിയതിലൂടെ കൊളോണിയല് കാലഘട്ടത്തിന്റെ ഒരു ശേഷിപ്പുകൂടി നാം നീക്കംചെയ്തുവെന്നും മുർമു ചൂണ്ടിക്കാണിച്ചു. ശിക്ഷയില് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കുറ്റകൃത്യത്തിൽ ഇരകളാകുന്നവർക്ക് നീതി ഉറപ്പാക്കുന്നതിനാണ് പുതിയ ക്രിമിനൽ നിയമങ്ങൾ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യസമര സേനാനികള്ക്കുള്ള ആദരവായിട്ടാണ് ഈ മാറ്റത്തെ കാണുന്നതെന്നും ദ്രൗപതി മുർമു വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us