ന്യൂഡൽഹി: 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് മാലദ്വീപ് മുൻ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ്. ഈ സന്തോഷകരമായ അവസരത്തിൽ രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശംസകളും സമൃദ്ധിയും നേരുന്നുവെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു. ഇന്ത്യ-മാലദ്വീപ് നയതന്ത്ര ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങള്ക്ക് പിന്നാലെയാണ് അബ്ദുള്ള ഷാഹിദിന്റെ പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശത്തിന് പിന്നാലെ മാലദ്വീപ് മന്ത്രിമാർ പങ്കുവെച്ച അധിക്ഷേപ പോസ്റ്റായിരുന്നു പ്രശ്നങ്ങള്ക്ക് തുടക്കം.
അബ്ദുള്ള ഷാഹിദ് സ്വാതന്ത്ര്യദിനാശംസകള് നേർന്ന് പങ്കുവെച്ച കുറിപ്പ്; 'ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകൾ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇഎഎം ഡോ എസ് ജയശങ്കറിനും സർക്കാരിനും ഇന്ത്യയിലെ ജനങ്ങൾക്കും ഈ സന്തോഷകരമായ അവസരത്തിൽ ആശംസകളും സമൃദ്ധിയും നേരുന്നു. ഇന്ത്യ എല്ലാ തലത്തിലും മാലിദ്വീപുമായി സൗഹൃദം നിലനിർത്തുമെന്ന് തെളിയിച്ചിരിക്കുന്നു. ഞങ്ങൾ അഭിമുഖീകരിച്ച ഏതൊരു വികസന യാത്രയിലും വിലമതിക്കാനാവാത്ത പങ്കാളിയാണ്. ഈ ബന്ധത്തെ ആഴത്തിൽ വിലമതിക്കുന്നു.'
Former Foreign Minsiter of Maldives Abdullah Shahid wishes India on #IndependenceDay2024.
— ANI (@ANI) August 15, 2024
Tweets, "Happy Independence Day India! I wish Prime Minister Narendra Modi, EAM Dr S Jaishankar, the Government and the warm and friendly people of India best wishes and prosperity on this… pic.twitter.com/pmkljfDuAt
എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവിലാണ് രാജ്യം. ചെങ്കോട്ടയില് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്ത്തി. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില് പുഷ്പാര്ച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മോദിയുടെ പ്രസംഗം. 'വികസിത ഭാരതം-2047' എന്നതാണ് ഈ വര്ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം.
സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച സ്വാതന്ത്ര്യ സമരസേനാനികള്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണ് ഇന്ന്. ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്ഷങ്ങളായി പ്രകൃതി ദുരന്തങ്ങള് നമ്മുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ദുരന്ത ബാധിതരായ കുടുംബങ്ങളെ വേദനയോടെ ഓർക്കുന്നു. നിരവധി പേര്ക്ക് അവരുടെ കുടുബാംഗങ്ങളെയും വീടും അടക്കം സര്വ്വതും നഷ്ടപ്പെട്ടു. രാജ്യത്തിനും വലിയ നഷ്ടമുണ്ടായി. രാജ്യം പ്രതിസന്ധിയില് അവര്ക്കൊപ്പമുണ്ടാവും. 140 കോടി ഇന്ത്യക്കാരുണ്ട്. ഒരേ ദിശയില് നമ്മളെല്ലാവരും ഒറ്റക്കെട്ടായി മുന്നേറിയാല് 2047 ഓടെ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവും എന്നും മോദി പറഞ്ഞു.