സ്റ്റോക്ഹോം: രാജ്യം 78ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള് രബീന്ദ്രനാഥ ടാഗോറിനെ ഓര്മിച്ച് നൊബേല് കമ്മിറ്റി. സമൂഹമാധ്യമമായ എക്സില് ദേശീയ ഗാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പങ്കുവെച്ചാണ് നൊബേല് കമ്മിറ്റി ടാഗോറിന് ആദരം അര്പ്പിച്ചത്. ടാഗോറിന്റെ കയ്യക്ഷരത്തില് തന്നെയുള്ള ഇംഗ്ലീഷ് പതിപ്പാണ് കമ്മിറ്റി പങ്കുവെച്ചിരിക്കുന്നത്.
''1913ല് സാഹിത്യത്തില് നൊബേല് സമ്മാനം ലഭിച്ച എഴുത്തുകാരന് രബീന്ദ്രനാഥാ ടാഗോര് ബംഗാളി ഭാഷയിലെഴുതിയ ഇന്ത്യയുടെ ദേശീയ ഗാനമാണ് 'ജനഗണമന','' എന്ന തലക്കെട്ടോടെയാണ് കൂടിയാണ് ദേശീയ ഗാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നൊബേല് കമ്മിറ്റി പങ്കുവെച്ചിരിക്കുന്നത്.
"Jana Gana Mana" is the national anthem of India, originally composed in Bengali by poet Rabindranath Tagore, who was awarded the Nobel Prize in Literature in 1913.
— The Nobel Prize (@NobelPrize) August 15, 2024
Pictured: An English translation of Jana Gana Mana by Tagore pic.twitter.com/8p1AzBNQoQ
1911 ഡിസംബറില് ഭാരത ഭാഗ്യവിധാതയെന്ന പേരില് രചിച്ച ഗാനം 1950 ജനുവരിയിലാണ് ദേശീയ ഗാനമായി അംഗീകരിച്ചത്. ഭാരത ഭാഗ്യ വിധാതയുടെ ഇംഗ്ലീഷ് നാമമായ 'ദ മോര്ണിങ് സോങ് ഓഫ് ഇന്ത്യ'യെന്ന തലക്കെട്ടോടെയാണ് ഇംഗ്ലീഷ് പതിപ്പ് രചിച്ചിരിക്കുന്നത്.
നൊബേല് കമ്മിറ്റിയുടെ പോസ്റ്റിന് വലിയ രീതിയിലുള്ള പ്രചാരമാണ് ലഭിക്കുന്നത്. പകല് 11.42ന് പങ്കുവെച്ച പോസ്റ്റിന് 100,000ത്തിലധികം പേരാണ് കാഴ്ചക്കാരായുള്ളത്. 883 തവണയാണ് പോസ്റ്റ് റീട്വീറ്റ് ചെയ്യപ്പെട്ടത്. 1913ലാണ് ടാഗോറിന് നൊബേല് പുരസ്കാരം ലഭിക്കുന്നത്. നൊബേല് പുരസ്കാരം നേടുന്ന ആദ്യ യൂറോപ്യന് ഇതര, ആദ്യ ഗാനരചയിതാവും കൂടിയാണ് ടാഗോര്.
'ഭയമുണ്ടാകണം'; സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള്ക്കുള്ള ശിക്ഷ പരസ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രിഅതേസമയം രാജ്യമെമ്പാടും വലിയ രീതിയിലാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള് സംഘടിപ്പിച്ചത്. ചെങ്കോട്ടയില് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്ത്തി. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മാരകത്തില് പുഷ്പാര്ച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. 'വികസിത ഭാരതം-2047' എന്നതായിരുന്നു ഈ വര്ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം.
വികസിത് ഭാരത് 2047 എന്നത് വെറും വാക്കുകളല്ലെന്നും മറിച്ച് 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനാധിപത്യത്തിന്റെ പുരോഗതി സാമൂഹിക ജനാധിപത്യത്തിലേക്കുള്ള മുന്നേറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്മു സ്വാതന്ത്ര്യ ദിന സന്ദേശത്തില് അറിയിച്ചു. രാജ്യത്തിനായി ജീവന് ത്യജിച്ചവരെ സ്മരിക്കുന്നുവെന്നും രാജ്യത്തെ ഓരോ വിഭാഗവും സ്വാതന്ത്ര്യത്തിനായി പോരാടിയെന്നും രാഷ്ട്രപതി പറഞ്ഞു. മഹാത്മാഗാന്ധിയുടെ സംഭാവനകളെയും രാഷ്ട്രപതി അനുസ്മരിച്ചു
സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല. അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളില് ഇഴചേര്ത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി എക്സിലൂടെ പങ്കുവെച്ചു.