ന്യൂഡല്ഹി: തലസ്ഥാനത്ത് പദ യാത്രക്കൊരുങ്ങി ആംആദ്മി പാര്ട്ടി. മുന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തില് ഇന്ന് വൈകീട്ടാണ് പദ യാത്ര ആരംഭിക്കുക. ഡല്ഹി മദ്യനയ അഴിമതിക്കേസില് ജയിലിലായ സിസോദിയ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മദ്യനയ അഴിമതിക്കേസില് ജയിലില് കഴിയുന്ന ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജന്മദിനം കൂടിയാണിന്ന്.
ഗ്രേറ്റര് കൈലാഷ് നിയമസഭാ മണ്ഡലത്തില് ഉള്പ്പെടുന്ന കല്കജിയിലെ ഡിഡിഎ ഫ്ളാറ്റില് നിന്നും വൈകീട്ട് അഞ്ച് മണിക്കാണ് പദയാത്ര ആരംഭിക്കുന്നത്. ഡല്ഹി മദ്യനയ അഴിമതിക്കേസിന് പിന്നാലെ ഉണ്ടായ തിരിച്ചടി മറികടക്കുകയാണ് പദയാത്രയുടെ പ്രധാന ഉദ്ദേശം. 2025 ഫെബ്രുവരിയോടെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ഡല്ഹിയില് പാര്ട്ടിയുടെ പ്രതിച്ഛായ ഉയര്ത്തികൊണ്ടുവരേണ്ടത് അനിവാര്യമാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്കണ്ട് നിരവധി പരിപാടികളാണ് പാര്ട്ടി പദ്ധതിയിട്ടിരിക്കുന്നത്. ആഗസ്റ്റ് 14നായിരുന്നു പദയാത്ര തീരുമാനിച്ചിരുന്നത്. എന്നാല് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്നം ചുണ്ടാകാട്ടി പദയാത്ര മാറ്റുകയായിരുന്നു. ഇന്ന് ആരംഭിക്കുന്ന പദയാത്ര കൂടുതല് മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും. പാര്ട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തില് തീരുമാനം എടുക്കുമെന്നാണ് സിസോദിയ പ്രതികരിച്ചത്.