ഉദയ്പുർ: രാജസ്ഥാനിലെ ഉദയ്പൂരിൽ പത്താം ക്ളാസ്സുകാരനെ സഹപാഠി കുത്തിയ കേസിൽ അസാധാരണ നടപടിയുമായി രാജസ്ഥാൻ സർക്കാർ. കുട്ടിയുടെ വീട് അനധികൃത നിർമാണമെന്നാരോപിച്ച് ബുൾഡോസർ ഉപയോഗിച്ച് തകർത്തു.
ഉദയ്പൂരിലെ മധുബൻ പ്രദേശത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് പത്താം ക്ളാസുകാരനായ കുട്ടിക്ക് സഹപാഠിയുടെ കുത്തേറ്റത്. ഹോംവർക്കിനെ ചൊല്ലിയുണ്ടായ തർക്കമാണ് കാരണമെന്നാണ് നിഗമനം. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായി. ഇതിനിടെ കുട്ടി മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതോടെ പ്രദേശത്ത് വലിയ സംഘർഷം ഉടലെടുത്തു. വ്യാപക അക്രമം അഴിച്ചുവിട്ട അക്രമികൾ നിരവധി വാഹനങ്ങൾക്ക് തീവയ്ക്കുകയും കടകൾ തകർക്കുകയും ചെയ്തു. ഇതോടെ ജില്ലാ ഭരണകൂടം ഇന്റർനെറ്റ് വിച്ഛേദിക്കാൻ നിർബന്ധിതരായി. ജില്ലയിൽ സ്കൂളുകൾ അടയ്ക്കാനും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്നും നിർദേശം നൽകി.
ഇതിനിടെയാണ് കുത്തിയ കുട്ടിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കാൻ ഉത്തരവുണ്ടായത്. അനധികൃത നിർമാണം എന്നാരോപിച്ചായിരുന്നു കെട്ടിടം പൊളിച്ചുനീക്കിയത്. വൻ പോലീസ് സന്നാഹത്തിൽ നടന്ന ബുൾഡോസർ നടപടിക്ക് മുൻപായി കുട്ടിയുടെ കുടുംബത്തിനോട് വീട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു.