ഭൂമി കുംഭകോണ ആരോപണം; തുടർനടപടികൾ ചർച്ച ചെയ്യാൻ മല്ലികാർജുൻ ഖർഗെ ബെംഗളൂരുവിൽ, സിദ്ധരാമയ്യയെ കാണും

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്ന് ബിജെപി നേതാക്കൾ

dot image

ബെംഗളൂരു: അഴിമതി ആരോപണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയതിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ്. സിദ്ധരാമയ്യയുമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബെംഗളൂരുവിൽ അല്പസമയത്തിനകം കൂടിക്കാഴ്ച നടത്തും. സിദ്ധരാമയ്യയെ കണ്ട സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര നിയമനടപടി സ്വീകരിക്കുന്ന കാര്യം ചർച്ച ചെയ്തു.

പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയ പശ്ചാത്തലത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. രാജ്ഭവൻ ദുരുപയോഗം ചെയ്ത് കോൺഗ്രസ് സർക്കാരിനെ അസ്ഥിരപെടുത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മന്ത്രി പ്രിയങ്ക് ഖർഗെ ആരോപിച്ചു. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതിൽ ഗവർണർ താവർ ചന്ദ് ഗെഹലൊട്ടിനെതിരെ തെരുവിൽ പ്രതിഷേധിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ.

മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്. ലേ ഔട്ട് വികസനത്തിനു ഭൂമി വിട്ടു നൽകുന്നവർക്ക് പകരം ഭൂമി നൽകുന്ന പദ്ധതി പ്രകാരം സിദ്ധരാമയ്യയുടെ ഭാര്യ അനധികൃതമായി 14 പ്ലോട്ടുകൾ കൈക്കലാക്കി എന്നതാണ് പരാതിക്കാധാരമായ സംഭവം. ഭാര്യ പാർവതി, മകൻ ഡോ. യതീന്ദ്ര, ഭാര്യ സഹോദരൻ മല്ലികാർജുൻ സ്വാമി ഉൾപ്പടെ ഒമ്പത് പേർക്കെതിരെയാണ് പരാതി ഉയർന്നത്.

മലയാളിയായ ടി ജെ അബ്രഹാം ഉൾപ്പടെയുള്ള മൂന്നു സാമൂഹ്യ പ്രവർത്തകർ നൽകിയ പരാതിയിലാണ് ഗവർണറുടെ നടപടി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 1988, 218, 17 വകുപ്പുകൾ പ്രകാരം സിദ്ധരാമയ്യക്കെതിരെ കേസെടുത്ത് വിചാരണ ചെയ്യാനാണ് ഗവർണർ അനുമതി നൽകിയിരിക്കുന്നത്.

സിദ്ദരാമയ്യയുടെ ഭാര്യ പാർവ്വതിയുടെ പേരിലുള്ള ഭൂമിയെക്കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. സിദ്ദരാമയ്യയുടെ ഭാര്യാ സഹോദരൻ പാർവ്വതിക്ക് നൽകിയ ഭൂമി, മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയിൽ അവർക്ക് ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാൾ വളരെ ഉയർന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ. 2010ലാണ് സിദ്ദരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരൻ മല്ലികാർജുൻ ഭൂമി സമ്മാനിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us