'ഇത് എങ്ങനെ സൂക്ഷിക്കാനാണ്?'; ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ വലഞ്ഞ് കര്ണാടകയിലെ കർഷകർ

പ്രതിവർഷം 10 ലക്ഷം ടൺ തക്കാളിയാണ് ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ തക്കാളി കമ്പോളമായ കോലാർ എ പി എം സി യിൽ നിന്ന് പുറത്തേക്കു പോകുന്നത്.

dot image

ബംഗളൂരു: അയൽരാജ്യമായ ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വം എത്രയും വേഗം തീരാൻ ആഗ്രഹിക്കുന്നവരിൽ മുന്നിലാണ് കർണാടകയിലെ കോലാറിലുള്ള തക്കാളി കർഷകർ. ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനവും തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും കർണാടകയിലെ കോലാർ ജില്ലയിലെ തക്കാളി കർഷകർക്ക് കനത്ത നഷ്ടവും തിരിച്ചടിയും നൽകിയിരിക്കുകയാണ്. കോലാറിൽ നിന്ന് തക്കാളി ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. കയറ്റുമതിക്കായി തക്കാളികൾ എത്തിക്കുന്ന പശ്ചിമ ബംഗാളിലെ മണ്ടികളിൽ നിന്ന് വ്യാപാരികൾക്ക് ഇവ ബംഗ്ലാദേശിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ല . ഇരു രാജ്യങ്ങൾക്കുമിടയിൽ പൂർണമായും കയറ്റുമതി തടസ്സപ്പെട്ടിരിക്കുകയാണ്.

പ്രതിദിനം 40 മുതൽ 50 വരെ ട്രക്കുകളായിരുന്നു കോലാറിൽ നിന്ന് ബംഗ്ലാദേശ് ലക്ഷ്യമിട്ട് പോയിരുന്നത്. എന്നാൽ ഇപ്പോൾ കോലാർ എപിഎംസിയിൽ നിന്ന് 15 - 20 ട്രക്കുകൾ മാത്രമാണ് ബംഗ്ലാദേശ് വിപണി ലക്ഷ്യമാക്കി പുറപ്പെടുന്നത്. പശ്ചിമ ബംഗാൾ വരെ എത്തുന്ന ട്രക്കുകൾ ദിവസങ്ങളോളം കാത്തു കിടക്കാൻ തുടങ്ങിയതോടെ തക്കാളി വില കുത്തനെ ഇടിഞ്ഞു തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള തക്കാളി ഇറക്കുമതി പൂർണമായും നിർത്തി വെച്ചിരിക്കുകയാണ് ബംഗ്ലാദേശിന്റെ അധികാരം കയ്യാളിയ പുതിയ ഭരണകൂടം.

പതിനഞ്ചു കിലോഗ്രാം തക്കാളി അടങ്ങുന്ന ഓരോ പെട്ടികളായാണ് കയറ്റുമതി. പെട്ടി ഒന്നിന് ഗ്രേഡ് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത് . ഇത് പ്രകാരം എ ഗ്രേഡ് തക്കാളിക്ക് 490 - 590 രൂപയും ( 15 കിലോഗ്രാം ബോക്സ് ) ബി ഗ്രേഡ് തക്കാളിക്ക് 340 - 480 രൂപയും സി ഗ്രേഡ് തക്കാളിക്ക് 100 - 330 രൂപയുമാണ് വില. വിലയിൽ നേരിയ ഏറ്റ കുറച്ചിലുകൾ പ്രതിദിനം ഉണ്ടാകാം. ബംഗ്ലാദേശിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുന്നതിനു മുൻപുള്ള കാലയളവിൽ 15 കിലോഗ്രാമിന്റെ പെട്ടികൾ 1100 - 1300 രൂപ വരെ ഈടാക്കി കോലാറിലെ തക്കാളി കമ്പോളത്തിൽ നിന്ന് കയറ്റുമതി ചെയ്തിരുന്നു. ചരിത്രത്തിൽ ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് കോലാറിലെ തക്കാളി കർഷകർ ഇപ്പോൾ അനുഭവിക്കുന്നത് .

ബംഗ്ലാദേശ് ,ശ്രീലങ്ക, നേപ്പാൾ ,പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ലക്ഷ്യമിട്ട് ഹെക്ടർ കണക്കിന് തക്കാളി പാടങ്ങളാണ് കോലാറിൽ ഉള്ളത്. രാജ്യത്തു ഏതു സീസണിലും മുന്തിയ ഇനം തക്കാളി ഉല്പാദിപ്പിക്കുന്ന ഇടം കൂടിയാണ് കോലാർ. ഇവിടുത്തെ മണ്ണും കാലാവസ്ഥയുമാണ് മുഴുവൻ സമയ തക്കാളി കൃഷിക്ക് അനുയോജ്യമായി വർത്തിക്കുന്നത്. റാബി സീസണിലും ഖാരിഫ് സീസണിലും ഒരുപോലെ വിളയുന്ന തക്കാളികൾ രാജ്യത്തെ ഏറ്റവും നല്ല തക്കാളി ആയാണ് കണക്കാക്കപ്പെടുന്നത്. കോലാറിൽ ആഭ്യന്തര - വിദേശ വിപണി ലക്ഷ്യമിട്ട് ഇരുപതിനായിരം ഹെക്ടറിൽ തക്കാളി കൃഷി പുരോഗമിക്കുന്നുണ്ട് . പ്രതിവർഷം 10 ലക്ഷം ടൺ തക്കാളിയാണ് ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ തക്കാളി കമ്പോളമായ കോലാർ എ പി എം സി യിൽ നിന്ന് പുറത്തേക്കു പോകുന്നത് . ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വം കർഷകരെ അക്ഷരാർത്ഥത്തിൽ വലച്ചിരിക്കുകയാണ്. ഉല്പാദനത്തിന് അനുസരിച്ച് ചരക്കു നീക്കം നടന്നില്ലെങ്കിൽ ഒരു പഴ വർഗ്ഗമെന്ന നിലയിൽ തക്കാളി അധിക കാലം സൂക്ഷിച്ചു വെക്കാനാവില്ല. വില കുറച്ച് ആഭ്യന്തര വിപണിയിൽ വിറ്റു തീർക്കുകയാണ് ബംഗ്ലാദേശിനായി കരുതി വെച്ച തക്കാളികൾ.

dot image
To advertise here,contact us
dot image