ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാർഖണ്ഡിൽ അട്ടിമറി നീക്കമെന്ന് സൂചന. മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുകതി മോർച്ച മുതിർന്ന നേതാവുമായ ചംപയ് സോറൻ ബിജെപിയിലേക്ക് പോകാൻ നീക്കം നടക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ആറ് എംഎൽഎമാരും ചംപയ് സോറനൊപ്പം പാർട്ടി വിട്ടേക്കും. നിലവിൽ സോറൻ മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രിയാണ് അദ്ദേഹം.
ഹേമന്ദ് സോറൻ ഭൂമി കുംഭകോണക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ രാജിവെക്കുകയും പകരം ചംപയ് സോറൻ മുഖ്യമന്ത്രിയാകുകയുമായിരുന്നു. എന്നാൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഹേമന്ദ് സോറന് വീണ്ടും മുഖ്യമന്ത്രിയാകാൻ ചംപയ് സോറന് രാജിവെക്കേണ്ടി വന്നു. അന്ന് മുതൽ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ അടക്കമുള്ള ബിജെപി നേതൃത്വവുമായി ചംപയ് സോറൻ അടുപ്പം സൂക്ഷിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ചംപയ് സോറൻ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ച നടന്നില്ല. എന്നാൽ ഇന്നലെ മൂന്ന് എംഎൽഎമാരോടൊപ്പം കൊൽക്കത്തയിലെത്തി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ഇതിന് പുറമെ ഇന്ന് ആറ് എംഎൽഎമാരുമായി ചംപയ് സോറൻ ഡൽഹിയിലെത്തി മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
തന്റെ സ്വകാര്യ ആവശ്യത്തിനായാണ് ഡൽഹിയിലെത്തിയിരിക്കുന്നതെന്നാണ് ചംപയ് സോറൻ ഡൽഹി യാത്രയെ കുറിച്ച് പ്രതികരിച്ചത്. 'ഞാൻ ഇപ്പോൾ എവിടെയാണോ നിൽക്കുന്നത് അവിടെ തന്നെയാണ് നിൽക്കുന്നത്. കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ മാധ്യമങ്ങളെ അറിയിക്കും' എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ താൻ എങ്ങും പോകുന്നില്ലെന്നും ഇതാണ് തന്റെ പാർട്ടിയെന്നും ആരാണ് ഈ പ്രചാരണത്തിന്റെ പിന്നിലെന്ന് അറിയില്ലെന്നും കഴിഞ്ഞ ദിവസം ചംപയ് സോറൻ പ്രതികരിച്ചിരുന്നു.
എന്നാൽ ഈ ഡൽഹി യാത്ര ജാർഖണ്ഡ് മുക്തി മോർച്ചയിൽ പൊട്ടിത്തെറിയുണ്ടായതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. മാത്രമല്ല, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎൽഎമാരെ ബിജെപി പാളയത്തിലെത്തിക്കാനുള്ള നീക്കമായും ജാർഖണ്ഡിൽ ഓപ്പറേഷൻ താമര നടക്കുന്നുണ്ടോ എന്ന സംശയവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
ജൂണ് 28നായിരുന്നു അഞ്ച് മാസത്തിന് ശേഷം ഹേമന്ത് സോറന് ഭൂമി കുംഭകോണക്കേസില് ജാമ്യത്തിലിറങ്ങിയത്. കേസില് ജാര്ഖണ്ഡ് ഹൈക്കോടതിയായിരുന്നു ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. ഈ അഞ്ച് മാസക്കാലയളവിൽ ചംപയ് സോറനായിരുന്നു ജാർഖണ്ഡിന്റെ മുഖ്യമന്ത്രി. 2024 ഫെബ്രുവരി രണ്ടിനായിരുന്നു അദ്ദേഹം ജാര്ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.