'വിരമിക്കുകയോ പാർട്ടി വിടുകയോ, തീരുമാനം ഉടൻ'; ജെഎംഎമ്മിലെ അതൃപ്തി പരസ്യമാക്കി ചംപയ് സോറൻ

ജെഎംഎമ്മിൽ നിന്ന് കടുത്ത അധിക്ഷേപം നേരിട്ടതായി ചംപയ് സോറൻ

dot image

ഡൽഹി: ജാർഖണ്ഡ് മുക്തി മോർച്ചയ്ക്കുള്ളിലെ അതൃപ്തി പരസ്യമാക്കി ചംപയ് സോറൻ. ജെഎംഎമ്മിൽ നിന്ന് കടുത്ത അധിക്ഷേപം നേരിട്ടതായി ചംപയ് സോറൻ തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു. ഇത് തൻ്റെ വ്യക്തിപരമായ സമരമാണെന്നും പാർട്ടിയെ ദ്രോഹിക്കില്ലെന്നും ജാർഖണ്ഡിന്റെ മുൻ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നും തൻ്റെ ജനങ്ങളുടെ അവകാശങ്ങൾക്കൊപ്പം നിന്നു. ജാർഖണ്ഡിൻ്റെ നല്ല ഭാവി മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ താൻ പുതിയ ഇടം തിരഞ്ഞെടുക്കാൻ നിർബന്ധിതനായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി മുമ്പിൽ മൂന്ന് മാർഗങ്ങൾ മാത്രമാണുള്ളതെന്നാണ് ചംപയ് സോറൻ പറയുന്നത്. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയോ സ്വന്തമായി ഒരു പാർട്ടി രൂപീകരിക്കുകയോ മറ്റൊരു പാർട്ടിയോടൊപ്പം യാത്ര തുടരുകയോ ആണ് ആ മൂന്ന് വഴികൾ. ഇക്കാര്യത്തിൽ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തീരുമാനമെടുക്കും. അധികാരത്തോടുള്ള അത്യാഗ്രഹം തനിക്കില്ല. തൻ്റെ ആത്മാഭിമാനത്തിന് പ്രഹരമേറ്റു, ഒപ്പം നിന്നവർ വേദനിപ്പിച്ചുവെന്നും ഒരു ബദൽ പാത തേടാൻ താൻ നിർബന്ധിതനായിരിക്കുന്നുവെന്നും ചംപയ് സോറൻ വ്യക്തമാക്കി.

നിലവിൽ ഹേമന്ത് സോറൻ മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രിയാണ് ചംപയ് സോറൻ. ഹേമന്ദ് സോറൻ ഭൂമി കുംഭകോണക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ രാജിവെക്കുകയും പകരം ചംപയ് സോറൻ മുഖ്യമന്ത്രിയാകുകയുമായിരുന്നു. എന്നാൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഹേമന്ദ് സോറന് വീണ്ടും മുഖ്യമന്ത്രിയാകാൻ ചംപയ് സോറന് രാജിവെക്കേണ്ടി വന്നു. അന്ന് മുതൽ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അതൃപ്തി ഇപ്പോൾ മറ നീക്കി പുറത്തുവന്നിരിക്കുകയാണ്.

കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ അടക്കമുള്ള ബിജെപി നേതൃത്വവുമായി ചംപയ് സോറൻ അടുപ്പം സൂക്ഷിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ചംപയ് സോറൻ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ച നടന്നില്ല. എന്നാൽ ഇന്നലെ മൂന്ന് എംഎൽഎമാരോടൊപ്പം കൊൽക്കത്തയിലെത്തി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

ഇതിന് പുറമെ ഇന്ന് ആറ് എംഎൽഎമാരുമായി ചംപയ് സോറൻ ഡൽഹിയിലെത്തി മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ സോറൻ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളും പരന്നു. മാത്രമല്ല, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎൽഎമാരെ ബിജെപി പാളയത്തിലെത്തിക്കാനുള്ള നീക്കമായും ജാർഖണ്ഡിൽ ഓപ്പറേഷൻ താമര നടക്കുന്നുണ്ടോ എന്ന സംശയവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ആറ് എംഎൽഎമാർ ചംപയ് സോറന്റെ ഒപ്പമാണ്. ഇവർക്ക് പുറമെ കൂടുതൽ എംഎൽഎമാർ ചംപയ് സോറനൊപ്പം നിൽക്കുമെന്നും സൂചനകളുണ്ട്.

ഭൂമി കുംഭകോണക്കേസില് ജയിലിലായ ഹേമന്ത് സോറന് അഞ്ച് മാസത്തിന് ശേഷം ജൂണ് 28നാണ് ജാമ്യത്തിലിറങ്ങിയത്. കേസില് ജാര്ഖണ്ഡ് ഹൈക്കോടതിയായിരുന്നു ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. ഈ അഞ്ച് മാസക്കാലയളവിൽ ചംപയ് സോറനായിരുന്നു ജാർഖണ്ഡിന്റെ മുഖ്യമന്ത്രി. 2024 ഫെബ്രുവരി രണ്ടിനായിരുന്നു അദ്ദേഹം ജാര്ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജൂലൈ എട്ടിന് വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയാകുകയായിരുന്നു.

dot image
To advertise here,contact us
dot image