ശ്രീനഗർ: ജയിലില് കഴിയുന്ന ബാരമുള്ളയില് നിന്നുള്ള ലോക്സഭാ എം പി എഞ്ചിനീയർ റഷീദ് എന്ന ഷെയ്ക്ക് ഇര് റഷീദിന്റെ സഹോദരന് ഖുര്ഷിദ് അഹമ്മദ് ഷെയ്ഖ് ജമ്മു കശ്മീര് നിയസഭാ തിരഞ്ഞെടുപ്പില് മത്സരിച്ചേക്കുമെന്ന് റിപ്പോര്ട്ട്. വടക്കന് കശ്മീരിലെ ഹിന്ദ്വാരയിലെ ലാംഗേറ്റ് മണ്ഡലത്തില് നിന്ന് ഖുര്ഷിദ് അഹമ്മദ് മത്സരിച്ചേക്കുമെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്ട്ട് ചെയ്യുന്നത്. നേരത്തെ ഈ മണ്ഡലത്തില് നിന്നും ഖുര്ഷിദിന്റെ സഹോദന് റഷീദ് വിജയിച്ചിട്ടുണ്ട്. അവാമി ഇത്തിഹാദ് പാര്ട്ടിയുടെ ആക്ടിങ്ങ് പ്രസിഡന്റാണ് ഖുര്ഷിദ് അഹമ്മദ്.
വരും ദിവസങ്ങളില് ഖുര്ഷിദ് വിദ്യാഭ്യാസ വകുപ്പില് നിന്നും സ്വയം വിരമിക്കുമെന്ന് കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്ട്ട് ചെയ്തു. സമൂഹത്തിന്റെ താല്പ്പര്യവും ആവശ്യങ്ങളും പരിഗണിച്ച് എഐപിയുടെ അജണ്ട രൂപപ്പെടുത്താനാവും ഖുര്ഷിദ് ശ്രമിക്കുക എന്നാണ് റിപ്പോര്ട്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് ബാരമുള്ളയില് നിന്ന് ഒമര് അബ്ദുള്ളയെ എന്ജിനീയര് റഷീദ് പരാജയപ്പെടുത്തിയതോടെയാണ് എഐപിയെന്ന രാഷ്ട്രീയ പാര്ട്ടി ശ്രദ്ധാകേന്ദ്രമാകുന്നത്. 2019മുതല് തിഹാര് ജയിലില് കഴിയുന്ന റഷീദിനെതിരെ തീവ്രവാദത്തിന് പണം നല്കിയെന്ന കേസും കള്ളപ്പണ കേസുമാണ് എന്ഐഎ ചുമത്തിയിരിക്കുന്നത്.
എഞ്ചിനീയര് റഷീദിൻ്റെ സാന്നിധ്യം പോളിങ് ശതമാനം വര്ദ്ധിപ്പിച്ചുവെന്ന് വിലയിരുത്തലുണ്ടായിരുന്നു. ലാംഗേറ്റില് നിന്നുള്ള തീപ്പൊരി നേതാവായ എഞ്ചിനീയര് റഷീദിൻ്റെ മകനായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. റഷിദിൻ്റെ തിരഞ്ഞെടുപ്പ് റാലികളില് യുവാക്കൾ അടക്കം വലിയ ആള്ക്കൂട്ടം പങ്കാളികളായിരുന്നു. സഹതാപ തരംഗവും അബ്ദുള് റഷീദിന് അനുകൂലമായതായി വിലയിരുത്തലുകളുണ്ടായിരുന്നു. ചരിത്രപരമായി തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ചുക്കാന് പിടിക്കുന്ന മേഖലകളില് പോലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടര്മാര് കൂട്ടമായി പോളിങ് ബൂത്തിലെത്തിയിരുന്നു. ഇതിന് കാരണം അബ്ദുള് റഷീദിന്റെ സ്ഥാനാര്ത്ഥിത്വമാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.