ബെംഗളുരു: മൈസൂരു ഭൂമി കുംഭകോണക്കേസിൽ ഗവർണറോട് പോരിനൊരുങ്ങി കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുളള തീരുമാനത്തിനെതിരെ സർക്കാർ നാളെ ഹർജി നൽകും. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വി കർണാടക ഹൈക്കോടതിയിൽ സിദ്ധരാമയ്യയ്ക്കായി ഹാജരാകും. മനു അഭിഷേക് സിംഗ്വിയും കപിൽ സിബലുമായി കർണാടക കോൺഗ്രസ് നേതാക്കൾ കേസിന്റെ നിയമ വശങ്ങൾ ചർച്ച ചെയ്തു. നാളെ 11മണിക്ക് ഗവർണർ താവർ ചന്ദ് ഗെഹലോട്ടിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡികെ ശിവകുമാറിന്റെ ആഹ്വാനം ചെയ്തിരിക്കുകയാണ്.
മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്. ലേ ഔട്ട് വികസനത്തിനു ഭൂമി വിട്ടു നൽകുന്നവർക്ക് പകരം ഭൂമി നൽകുന്ന പദ്ധതി പ്രകാരം സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി അനധികൃതമായി 14 പ്ലോട്ടുകൾ കൈക്കലാക്കി എന്നതാണ് പരാതിക്കാധാരമായ സംഭവം. ഭാര്യ പാർവതി, മകൻ ഡോ. യതീന്ദ്ര, ഭാര്യാ സഹോദരൻ മല്ലികാർജുൻ സ്വാമി ഉൾപ്പടെ ഒമ്പത് പേർക്കെതിരെയാണ് പരാതി ഉയർന്നത്.
മലയാളിയായ ടി ജെ അബ്രഹാം ഉൾപ്പടെയുള്ള മൂന്നു സാമൂഹ്യ പ്രവർത്തകർ നൽകിയ പരാതിയിലാണ് ഗവർണറുടെ നടപടി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 1988, 218, 17 വകുപ്പുകൾ പ്രകാരം സിദ്ധരാമയ്യക്കെതിരെ കേസെടുത്ത് വിചാരണ ചെയ്യാനാണ് ഗവർണർ അനുമതി നൽകിയിരിക്കുന്നത്.
പാർവ്വതിയുടെ പേരിലുള്ള ഭൂമിയെക്കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. സിദ്ദരാമയ്യയുടെ സഹോദരൻ പാർവ്വതിക്ക് നൽകിയ ഭൂമി, മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയിൽ അവർക്ക് ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാൾ വളരെ ഉയർന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ. 2010ലാണ് സിദ്ദരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരൻ മല്ലികാർജുൻ ഭൂമി സമ്മാനിച്ചത്.
ആരോപണം തനിക്കും സർക്കാരിനുമെതിരെ നടന്ന ഗൂഢാലോചനയാണെന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം. കേന്ദ്ര സർക്കാരും കർണാടക ബിജെപി നേതാക്കളും ജെഡിഎസും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. സർക്കാരിന്റെ അഞ്ചിന ഗ്യാരണ്ടികൾ സാമൂഹ്യ നീതി ഉറപ്പാക്കുന്നത് ഇവർക്ക് സഹിക്കുന്നില്ല. കേസ് നിയമപരമായി നേരിടുമെന്നും കർണാടക മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കർണാടക കോൺഗ്രസിന്റെയും എഐസിസി നേതൃത്വത്തിന്റെയും പൂർണ പിന്തുണ സിദ്ധരാമയ്യയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ എഐസിസി പ്രസിഡൻ്റ് മല്ലികാർജുൻ ഖർഗെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.