ന്യൂഡൽഹി: ഡല്ഹിയില് കൈക്കൂലി വാങ്ങിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെന്ഷന്. മൂന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ കൈക്കൂലി വാങ്ങിയ പണം മറ്റ് രണ്ട് ഉദ്യോഗസ്ഥരുമായി വീതം വെക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്സേന അറിയിച്ചു. രണ്ട് സബ് ഇൻസ്പെക്ടർമാർ, ഒരു ഹെഡ് കോൺസ്റ്റബിൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ശനിയാഴ്ചയായിരുന്നു സംഭവം.
ത്രിൽ ലൗറി സർക്കിളിലെ ഗാസിപൂരിലെ പൊലീസ് ചെക്ക്പോസ്റ്റിനുള്ളിൽ ഉദ്യോഗസ്ഥരിൽ ഒരാൾ മറ്റൊരാളുമായി തർക്കിക്കുന്നത് വീഡിയോയിൽ കാണാം. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന് ശേഷം പൊലീസുകാരന്റെ പുറകിലുള്ള മേശപ്പുറത്ത് പണക്കെട്ടുവെച്ച ആളോട് ഉദ്യോഗസ്ഥൻ ആംഗ്യ ഭാഷയിൽ സംസാരിക്കുന്നുണ്ട്.
പണം വെച്ചയാൾ പോയ ശേഷം പൊലീസുകാരൻ ഇരുന്ന് പണം എണ്ണാൻ തുടങ്ങുന്നുണ്ട്. ദൃശ്യത്തിൽ കാണുന്ന ആദ്യത്തെ പൊലീസുകാരൻ പണം മറ്റുള്ളവരുമായി പങ്കിടുന്നു.
സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണവുമായി ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്സേന രംഗത്തെത്തിയത്. 'ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു, പ്രാഥമിക അന്വേഷണത്തിന് ശേഷം, മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും (രണ്ട് അസിസ്റ്റൻ്റ് സബ്-ഇൻസ്പെക്ടർ (എഎസ്ഐ), ഒരു ഹെഡ് കോൺസ്റ്റബിൾ) അവർക്കെതിരെ സമഗ്രമായ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു', സക്സേന പറഞ്ഞു.