മുംബൈ: കൊൽക്കത്തയിലെ ആര്ജി കര് മെഡിക്കല് കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ മുംബൈയിലും വനിതാ ഡോക്ടർക്കെതിരെ അതിക്രമം. മുംബൈയിലെ സിയോൺ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന രോഗിയും ബന്ധുക്കളും ചേർന്ന് വനിതാ ഡോക്ടറെ മർദ്ദിച്ചതായി മറ്റ് ഡോക്ടർമാർ പറഞ്ഞു. പുലർച്ചെ 3.30-ഓടെ ഡ്യൂട്ടിയിലായിരിക്കെയാണ് ആക്രമണം ഉണ്ടായത്. രോഗിക്കൊപ്പം മദ്യപിച്ചെത്തിയ ആറംഗ സംഘമാണ് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചത്. ശേഷം രോഗിയും അക്രമിസംഘവും ആശുപത്രിയിൽനിന്ന് ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഈ സംഭവം സുരക്ഷാ വീഴ്ചയെയാണ് എടുത്തുകാണിക്കുന്നതെന്നതെന്ന് സിയോൺ ഹോസ്പിറ്റലിലെ റസിഡൻ്റ് ഡോക്ടർമാരുടെ സംഘടന ആരോപിച്ചു.
അതേസമയം, പി ജി ഡോക്ടര് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് പൊലീസിന് കര്ശന നിര്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തി. ഓരോ രണ്ട് മണിക്കൂറിലും നിലവിലെ പ്രതിഷേധത്തെക്കുറിച്ചും ക്രമസമാധാനത്തെക്കുറിച്ചും റിപ്പോര്ട്ട് കൈമാറണമെന്നാണ് നിര്ദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണി മുതലുള്ള റിപ്പോര്ട്ടുകള് ഫാക്സ്, ഇ-മെയില്, വാട്സ്ആപ്പ് എന്നിവയിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ട്രോള് റൂമിന് കൈമാറമെന്നാണ് അറിയിച്ചത്. ഡോക്ടര് കൊല്ലപ്പെട്ട ആര്ജെ കര് മെഡിക്കല് കോളേജ് പരിസരത്ത് ഏഴ് ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മെഡിക്കല് കോളേജ് പരിസരത്ത് പ്രതിഷേധം പാടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
ബലാത്സംഗകൊലക്കേസിന്റെ പശ്ചാത്തലത്തില് വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎംഎ പ്രധാമന്ത്രിക്ക് കത്തയച്ചു. ആശുപത്രികളില് സുരക്ഷ കര്ശനമാക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകളില് മാറ്റം വേണമെന്നതടക്കമുള്ള നാല് ആവശ്യങ്ങളാണ് ഐഎംഎ അയച്ച കത്തിലുള്ളത്. ആശുപത്രികളില് വിമാനത്താവളങ്ങള്ക്ക് സമാനമായ സുരക്ഷയൊരുക്കണമെന്നതാണ് ആദ്യത്തെ ആവശ്യം. ആരോഗ്യപ്രവര്ത്തകര്ക്കുള്ള സുരക്ഷാ പ്രോട്ടോകോളുകളില് മാറ്റം വേണമെന്നതാണ് മറ്റൊരു ആവശ്യം. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കണമെന്നും കേസില് അന്വേഷണം സമയബന്ധിതമായി പൂര്ത്തിയാക്കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിലുണ്ട്.