ന്യൂഡൽഹി: കേന്ദ്ര മന്ത്രാലയങ്ങളിലെ പുതുതായുള്ള 45 ഒഴിവുകൾ ലാറ്ററൽ എൻട്രി വഴി നികത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ ബിജെപിയെ വെട്ടിലാക്കി എൻഡിഎ സഖ്യകക്ഷി നേതാവായ ചിരാഗ് പസ്വാന്റെ പ്രസ്താവന. കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തെ പാർട്ടി അനുകൂലിക്കുന്നില്ലെന്ന് മൂന്നാം മോദി സർക്കാരിൽ ഭക്ഷ്യസംസ്കരണ മന്ത്രി കൂടിയായ ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ പറഞ്ഞു.
തൻ്റെ പാർട്ടി എല്ലായ്പ്പോഴും പിന്നാക്ക വിഭാഗങ്ങള്ക്കൊപ്പമാണെന്നും സർക്കാരിൻ്റെ നീക്കം തികച്ചും തെറ്റാണെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രാലയങ്ങളിലെ പുതുതായുള്ള 45 ഒഴിവുകൾ ലാറ്ററൽ എൻട്രി വഴി നികത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. ദളിതർക്കും ഒബിസികൾക്കും ആദിവാസികൾക്കുമെതിരായ ആക്രമണമാണ് കേന്ദ്രസർക്കാരിന്റെ പുതിയ നിയമന നീക്കമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിക്ക് കീഴിലുള്ള എൻഡിഎ സർക്കാർ രാജ്യത്തെ സംവരണ സംവിധാനം തകർക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മോദി സർക്കാരിൻ്റെ ലാറ്ററൽ എൻട്രി വ്യവസ്ഥ ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സർക്കാർ വകുപ്പുകളിലെ തൊഴിൽ നിയമനങ്ങൾ നികത്തുന്നതിനുപകരം, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 5.1 ലക്ഷം തസ്തികകൾ ബിജെപി ഇല്ലാതാക്കിയെന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാർ ഓഹരികൾ മോദി ഗവൺമെന്റ് സ്വകാര്യ വ്യക്തികൾക്ക് വിറ്റഴിച്ചുവെന്നും ഖാർഗെ വിമർശിച്ചു.
കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെ ഭരണകാലത്തും ഇത്തരം ലാറ്ററൽ റിക്രൂട്ട്മെൻ്റുകൾ ഒരു നടപടിക്രമവുമില്ലാതെ നടന്നിരുന്നു എന്ന് പറഞ്ഞ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഇതിനെതിരെ തിരിച്ചടിച്ചിരുന്നു. കേന്ദ്ര ഗവൺമെൻ്റിൻ്റെ 24 മന്ത്രാലയങ്ങളിലെയും ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, തസ്തികകളിലേക്കാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ലാറ്ററൽ എൻട്രിയിലൂടെ അപേക്ഷ ക്ഷണിച്ചത്.