ഇന്ത്യക്കാർക്ക് ജനസംഖ്യാ നിയന്ത്രണത്തിൽ ശ്രദ്ധയില്ല; വലിയ വെല്ലുവിളിയെന്ന് നാരായണ മൂർത്തി

അടിയന്തരാവസ്ഥ കാലം മുതൽ ഇന്ത്യക്കാർ ജനസംഖ്യാ നിയന്ത്രണത്തിൽ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

dot image

പ്രയാഗ്രാജ്: ജനസംഖ്യാ വർദ്ധനവ് രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. അടിയന്തരാവസ്ഥ കാലം മുതൽ ഇന്ത്യക്കാർ ജനസംഖ്യാ നിയന്ത്രണത്തിൽ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ്രാജിലെ മോത്തിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നാരായണ മൂർത്തി. ജനസംഖ്യ, പ്രതിശീർഷ ഭൂമി ലഭ്യത, ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ കാര്യമായ വെല്ലുവിളികൾ നേരിടുകയാണ്.

'അടിയന്തരാവസ്ഥക്കാലം മുതൽ, ജനസംഖ്യാ നിയന്ത്രണത്തിൽ നമ്മൾ ഇന്ത്യക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല. ഇത് നമ്മുടെ രാജ്യത്തെ സുസ്ഥിരമാക്കാൻ കഴിയാത്ത അപകടസാധ്യത ഉയർത്തുന്നു. താരതമ്യപ്പെടുത്തുമ്പോൾ, യുഎസ്, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ആളോഹരി ഭൂമി ലഭ്യത വളരെ കൂടുതലാണ്', അദ്ദേഹം പറഞ്ഞു.

ഒരു യഥാർത്ഥ പ്രൊഫഷണലിൻ്റെ ഉത്തരവാദിത്തം രാജ്യത്തിൻ്റെ പുരോഗതിക്ക് സംഭാവന നൽകലാണെന്നും അദ്ദേഹം പറഞ്ഞു. 'ഒരു തലമുറ അടുത്ത തലമുറയുടെ ജീവിതം മെച്ചപ്പെടുത്താൻ ഒരുപാട് ത്യാഗങ്ങൾ സഹിക്കേണ്ടി വരും. എൻ്റെ പുരോഗതിക്കായി എൻ്റെ മാതാപിതാക്കളും സഹോദരങ്ങളും അധ്യാപകരും കാര്യമായ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്, ഇവിടെ മുഖ്യാതിഥിയായി എത്തിയത് അവരുടെ ത്യാഗങ്ങൾ വെറുതെയായില്ല എന്നതിൻ്റെ തെളിവാണ്', അദ്ദേഹം കൂട്ടിച്ചേര്ത്തു.

അതേസമയം, 2036-ഓടെ ഇന്ത്യയുടെ ജനസംഖ്യ 152.2 കോടിയിലെത്തുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ വിമൻ ആൻഡ് മെൻ ഇന്ത്യ 2023 റിപ്പോർട്ട് പറയുന്നത്. 2036-ഓടെ ഇന്ത്യയിലെ ലിംഗാനുപാതം 1000 പുരുഷൻമാർക്ക് 952 സ്ത്രീകൾ എന്ന നിലയിൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2011-ൽ ഇത് 1000 പുരുഷന്മാർക്ക് 943 സ്ത്രീകൾ എന്നായിരുന്നു കണക്ക്. പുതിയ റിപ്പോർട്ടനുസരിച്ച് 2036-ൽ ജനസംഖ്യയുടെ 48.8 ശതമാനം സ്ത്രീകളായിരിക്കും. 2011-ൽ ഇത് 48.5 ശതമാനമായിരുന്നു. പുതിയ റിപ്പോർട്ട് പ്രകാരം 15 വയസ്സിൽ താഴെയുള്ളവർ കുറയും. പ്രത്യുത്പാദനക്ഷമത കുറയുന്നതിന്റെ പശ്ചാത്തലത്തിലാണിത്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം കുറയുകയും ജനസംഖ്യ കൂടുതൽ സ്ത്രീകേന്ദ്രിതമാകുകയും ശിശുമരണനിരക്ക് കുറയുകയും ചെയ്യും. ശിശുമരണനിരക്ക് തോത് മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് ഏറ്റവും കുറവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us