ഡല്ഹി: പ്രധാനപ്പെട്ട കേന്ദ്ര ഗവൺമെൻ്റ് തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്നോട്ട്. ലാറ്ററൽ എൻട്രിക്കായി നൽകിയ പരസ്യം പിൻവലിക്കാൻ യുപിഎസ്സി തലവന് കേന്ദ്രം നിർദേശം നൽകി. കത്തിലൂടെയാണ് നിർദ്ദേശം നൽകിയത്. തീരുമാനം പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. എൻഡിഎ ഘടകകക്ഷികൾ ഉൾപ്പെടെ എതിർപ്പ് അറിയിച്ചതോടെയാണ് കേന്ദ്രം തീരുമാനത്തിൽ നിന്ന് മലക്കം മറിയുന്നത്. സാമൂഹിക നീതി ഉറപ്പാക്കാനാണ് തീരുമാനമെന്നും നിർദ്ദേശത്തിൽ പറയുന്നു.
യുപിഎസ്സി വഴി ഉദ്യോഗസ്ഥർ നിയമിതരാകേണ്ട കേന്ദ്ര സർക്കാരിന്റെ 24 മന്ത്രാലയങ്ങളിലെയും ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, തസ്തികകളിലേക്കുള്ള 45 ഒഴിവുകളിലേക്കാണ് ലാറ്ററൽ എൻട്രി വഴി നിയമനം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത്. ഇതിന്റെ നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
എന്നാൽ ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾക്ക് പുറമെ എൻഡിഎയിലെ ഘടകക്ഷികളും രംഗത്തെത്തി. ഐഎഎസ് തസ്തികകളെ മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുകയാണെന്നും ആർഎസ്എസ് വഴി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രക്രിയയാണിതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇത് ഐഎഎസ് മേഖലയുടെ സ്വകാര്യവത്ക്കരണമാണെന്നും രാഹുൽ ആരോപിച്ചു.
കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തെ പാർട്ടി അനുകൂലിക്കുന്നില്ലെന്നായിരുന്നു മൂന്നാം മോദി സർക്കാരിൽ ഭക്ഷ്യസംസ്കരണ മന്ത്രി കൂടിയായ ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ്റെ പ്രതികരണം.