കൊൽക്കത്ത ബലാത്സംഗക്കൊല; അഭിഷേക് ബാനർജിക്ക് അതൃപ്തി?, മമതയ്ക്കെതിരെ തൃണമൂലിൽ പടയൊരുക്കം

തൃണമൂലിൻ്റെ മാധ്യമ ഇടപെടലുകൾ കൈകാര്യം ചെയ്തിരുന്ന അഭിഷേകിൻ്റെ ഓഫീസ് അതിൽ നിന്ന് പിന്മാറി

dot image

കൊൽക്കത്ത: ആർജി കർ ആശുപത്രിയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂലിനുമെതിരെ പ്രതിപക്ഷം ആയുധമാക്കുമ്പോൾ പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനം ഉയരുന്നതായി റിപ്പോർട്ട്. വിഷയത്തിൽ തൃണമൂൽ സ്വീകരിച്ച നിലപാടുകളിൽ പാർട്ടി ജനറൽ സെക്രട്ടറിയും മമത ബാനർജിയുടെ മരുമകനുമായ അഭിഷേക് ബാനർജി അസംതൃപ്തനാണെന്നാണ് റിപ്പോർട്ടുകൾ. തൃണമൂലിൻ്റെ മാധ്യമ ഇടപെടലുകൾ കൈകാര്യം ചെയ്തിരുന്ന അഭിഷേകിൻ്റെ ഓഫീസ് അതിൽ നിന്ന് പിന്മാറി. ഇതിന് പിന്നാലെ നാലംഗ കമ്മിറ്റിയെ മമത ബാനർജി നിയമിക്കുകയും ചെയ്തു.

യുവ ഡോക്ടർക്കെതിരായ അതിക്രത്തിൽ അതിരൂക്ഷമായാണ് അഭിഷേക് ബാനർജി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. ആർജി കർ ആശുപത്രിയിൽ നടന്ന തെമ്മാടിത്തരം എല്ലാ പരിധികളും ലംഘിക്കുന്നതെന്നായിരുന്നു അഭിഷേകിൻ്റെ പ്രതികരണം. കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നിതീ ലഭിക്കണം. ക്രൂരതകാട്ടിയവർക്കെതിരെ 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് കമ്മീഷണറോട് ആവശ്യപ്പെട്ടതായും അഭിഷേക് പറഞ്ഞിരുന്നു. കൊല്ലപ്പെട്ട ഡോക്ടർക്ക് വേണ്ടി തെരുവിലിറങ്ങിയവർക്ക് നീതി ലഭിക്കണം. സർക്കാരിൽ നിന്ന് അതെങ്കിലും പ്രതീക്ഷിക്കുകയാണ്. ഡോക്ടർമാരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും പ്രാധാന്യം നൽകണമെന്നും അഭിഷേക് എക്സിൽ കുറിച്ചു.

ആർജി കർ ആശുപത്രിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം രാജ്യ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി തേടി വിവിധയിടങ്ങളിൽ ആരോഗ്യപ്രവർത്തകർ തെരുവിലിറങ്ങി. സർക്കാർ സംഭവത്തെ അവഗണിക്കുകയാണെന്നും പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിനിടെയാണ് പാർട്ടിക്കുള്ളിൽ നിന്നു തന്നെ മമതയ്ക്കെതിരെ വിമർശനമുയരുന്നത്.

അഭിഷേകിന്റെ പ്രതിഷേധത്തെ മമത ബാനർജിക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. കാരണം ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂലിന്റെ വിജയത്തിൽ അഭിഷേക് വഹിച്ചത് നിർണായക പങ്കാണ്. 42 ൽ അഭിഷേക് ഉൾപ്പെടെ 29 പേർ ലോക്സഭയിലേക്ക് മിന്നും പ്രകടനം കാഴ്ചവെച്ച് തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭയിൽ ബജറ്റ് ചർച്ചകളിലടക്കം തൃണമൂലിൻ്റെ ഉറച്ച ശബ്ദമായിരുന്നു അഭിഷേക്. ആർജി കർ ആശുപത്രിൽ നടന്ന ക്രൂരതയെ വിലകുറച്ചു കണ്ടാൽ അതിന് മമത ബാനർജിയും സർക്കാരും വലിയ വിലകൊടുക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us