കൊല്ക്കത്ത: ആർജി കർ കോളേജിലെ പിജി ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബംഗാളിൽ ഭരണപ്രതിസന്ധിയെന്ന് സൂചിപ്പിച്ച് ഗവർണർ സി വി ആനന്ദബോസ്. റിപ്പോർട്ടർ വാർത്താ സംഘത്തോടായിരുന്നു ആനന്ദ ബോസിൻ്റെ പ്രതികരണം. സംസ്ഥാനത്തെ ക്രമസമാധാന നില രാഷ്ട്രപതിയെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാൻ ആനന്ദബോസ് ഡൽഹിയിലെത്തി.
ബംഗാൾ രാഷ്ട്രപതി ഭരണത്തിലേക്ക് പോയേക്കുമെന്ന സാധ്യത തള്ളാതെയാണ് ഗവർണർ റിപ്പോർട്ടർ ലൈവിനോട് പ്രതികരിച്ചത്. നിർണായകമായ തീരുമാനം ഉടനുണ്ടാകും. നിയമപരമായി ചെയ്യാനാകുന്നതെല്ലാം ചെയ്യും. ഭരണഘടനാപരമായ അധികാരം ഉപയോഗിക്കും. ഉറച്ച തീരുമാനം ഉടൻ ഉണ്ടാകും. എന്താണ് തീരുമാനം എന്ന് പരസ്യമായി പറയാനില്ല. ഇക്കാര്യത്തിൽ കേന്ദ്ര ഗവണ്മെന്റിന്റെ സജീവമായ ശ്രദ്ധയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളോട് ക്രൂരത കാട്ടുകമാത്രമല്ല, ക്രൂരത കാട്ടിയവരോട് ന്യായീകരിക്കുന്ന രീതിയിൽ പെരുമാറുക കൂടിയാണ് ബംഗാൾ സർക്കാർ ചെയ്യുന്നത്. അത് ജനങ്ങളെ വല്ലാതെ ചൊടിപ്പിച്ചു. രാജ്യത്തിന്റെ ക്രമസമാധാനം നിലനിർത്തേണ്ടത് ആവശ്യമാണ്. അത് ഒരു സംസ്ഥാനത്തിന് മാത്രം വേണ്ടതല്ല, രാജ്യത്തുടനീളം വേണം. ഒരു ഗവർണർ എന്ന നിലയിൽ അറിയക്കേണ്ടത് അറിയിക്കേണ്ട സമയത്ത് അറിയിക്കുക എന്നത് തൻ്റെ ചുമതലയാണ്. അതാണ് താൻ ചെയ്യുന്നതെന്നും സി വി ആനന്ദബോസ് പറഞ്ഞു.
ഓഗസ്റ്റ് ഒമ്പതിനാണ് വനിതാ പിജി ഡോക്ടറെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന് പിറ്റേദിവസം ആശുപത്രിയിലെ സിവിക് വളണ്ടിയർ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കി കേസ് കൽക്കട്ട ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു.
സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് പശ്ചിമബംഗാളിലും രാജ്യത്തുടനീളവും ഉയരുന്നത്. മമതാ ബാനർജിക്കും മമതാ സർക്കാരിനും നേരെ വലിയ വിമർശനമാണ് ഉയരുന്നത്. രാജ്യതലസ്ഥാനത്തും രാജ്യത്തുടനീളവും ആരോഗ്യപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും പ്രതിഷേധം തുടരുകയാണ്.
കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷ് തൃണമൂൽ കോൺഗ്രസിന്റെ അടുത്തയാളാണെന്നും ഇയാളെ സംരക്ഷിക്കാനാണ് മമതാ സർക്കാർ ശ്രമിക്കുന്നതെന്നുമാണ് ഉയരുന്ന ആരോപണം. പ്രതിഷേധങ്ങൾക്കൊടുവിൽ സന്ദീപ് ഘോഷ് രാജിവച്ചിരുന്നു. ഇയാളെ സിബിഐ ചോദ്യം ചെയ്ത് വരികയാണ്.
ആരെയാണ് ആദ്യമായി ബന്ധപ്പെട്ടത്, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ രക്ഷിതാക്കളെ മൂന്ന് മണിക്കൂറോളം നേരം പുറത്ത് കാത്തുനിർത്താൻ കാരണമെന്ത് തുടങ്ങിയ വിവരങ്ങളാണ് അന്വേഷണം സംഘം ചോദിക്കുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ഡോക്ടർ കൊല്ലപ്പെട്ടുകിടന്ന സെമിനാർ ഹാളിനരികിലുള്ള മുറികളുടെ നവീകരണപ്രവർത്തനങ്ങൾക്ക് ആരാണ് ഉത്തരവിട്ടതെന്നതിനെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
തനിക്ക് മുഖ്യമന്ത്രിയോടുള്ള വിശ്വാസം നഷ്ടമായെന്ന് കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മകൾക്ക് നീതി ലഭിക്കാൻ മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവർ ഉയർത്തുന്ന വിമർശനം. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിട്ടുണ്ട്.