മുംബൈ: ബദ്ലാപൂരില് നാല് വയസ് പ്രായമൂള്ള രണ്ട് പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം പുറത്തുവന്നത് കുട്ടികളിലൊരാളുടെ വെളിപ്പെടുത്തലോടെ. കലശലായ വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരോട് കാര്യം പറഞ്ഞപ്പോളാണ് ക്രൂരമായ ലൈംഗികാതിക്രമത്തിൻ്റെ വാർത്ത പുറംലോകമറിഞ്ഞത്.
പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കുടുംബത്തോടാണ് കുട്ടി തന്റെ ദുരനുഭവം വിവരിച്ചത്. 'ദാദ' എന്ന് കുട്ടി വിളിച്ചിരുന്ന പ്രതി, തൻ്റെ വസ്ത്രങ്ങൾ അഴിച്ചതായും തന്നെ തൊടാൻ പാടില്ലാത്ത രീതിയിൽ തൊട്ടതായും കുട്ടി മാതാപിതാക്കളോട് പറഞ്ഞു. പിന്നീടാണ് മറ്റൊരു കുട്ടിയെ കൂടി പ്രതി ചൂഷണത്തിന് ഇരയാക്കിയതായി അറിഞ്ഞത്.
മഹാരാഷ്ട്രയിലെ താനെയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രീ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് വയസ് പ്രായമുള്ള രണ്ട് വിദ്യാർത്ഥികളെ സ്കൂളിലെ ശുചീകരണ ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശുചിമുറിയിൽ വെച്ചായിരുന്നു പ്രതി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുട്ടികൾ ശുചിമുറിയിൽ വെച്ചാണ് പ്രതി അക്ഷയ് ഷിൻഡെ ഇവരെ പീഡിപ്പിച്ചത്. ഓഗസ്റ്റ് ഒന്നിനായിരുന്നു ഇയാൾ സ്കൂളിൽ ജോലിക്ക് പ്രവേശിക്കുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് ബദ്ലാപൂരില് കുട്ടികൾ പഠിച്ചിരുന്ന സ്കൂൾ പ്രതിഷേധക്കാർ അടിച്ചുതകർത്തു. റെയിൽവേ ഗതാഗതവും പ്രതിഷേധക്കാർ തടഞ്ഞു. റെയിൽവേ പൊലീസും പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. പിന്നാലെ പൊലീസ് പ്രതിഷേധക്കാർക്കെതിരെ കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തി വീശുകയുമായിരുന്നു. ബദ്ലാപൂർ, കജ്റത് എന്നിവടങ്ങളിലേക്കുള്ള ലോക്കൽ ട്രെയിനുകൾ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കി.