ന്യൂഡൽഹി: മുസ്ലിം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് പുരോഹിതരെ വിലക്കുന്ന ബില്ലിന് അസം മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ മുസ്ലിം വിവാഹങ്ങളുടെ രജിസ്ട്രേഷൻ ഇനി മുതൽ സബ് രജിസ്ട്രാർ ചെയ്യും.
നേരത്തെ സബ് രജിസ്ട്രാർക്ക് മാത്രമേ മുസ്ലീം വിവാഹങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യുന്ന ബിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചിരുന്നു. പരമ്പരാഗത വിവാഹ ചടങ്ങുകളുമായി ഇതിന് ബന്ധമൊന്നുമില്ല. പല സമുദായങ്ങൾക്കും വിവാഹ രജിസ്ട്രേഷന് പല രീതികളാണ്. ബില്ലിന് അതിൽ പങ്കൊന്നുമില്ല. വിവാഹ രജിസ്ട്രേഷൻ സർക്കാർ ഉദ്യോഗസ്ഥന് കീഴിലായിരിക്കണം എന്ന് മാത്രമാണ് ബില്ലിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് 21 വയസുള്ള യുവാവും 18കാരിയും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതിയുണ്ട്. എന്നാൽ പുതിയ ബിൽ പ്രകാരം ഇത് റദ്ദാക്കും. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിക്കും വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.