ബെംഗളൂരു: വിവാഹബന്ധം വേർപെടുത്തിയ ശേഷം ഭർത്താവിൽ പ്രതിമാസം ലക്ഷങ്ങൾ ജീവനാംശമായി വേണമെന്ന് ആവശ്യപ്പെട്ട യുവതിക്ക് ചുട്ടമറുപടിയുമായി കർണാടക ഹൈക്കോടതി. 6,16,300 പ്രതിമാസം ലഭിക്കണമെന്നാവശ്യപ്പെട്ട യുവതിയോട് ആർഭാട ജീവിതം വേണമെങ്കിൽ സ്വയം സമ്പാദിക്കാനായിരുന്നു കോടതിയുടെ പ്രതികരണം. യുവതിയുടെ അഭിഭാഷകനെ കോടതി ശകാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുകയാണ്.
രാധ മുനുകുന്ത്ല എന്ന യുവതിയും ഭർത്താവ് എം.നരസിംഹയും തമ്മിലുള്ള കേസിലാണ് കോടതിയുടെ പ്രതികരണം. പ്രതിമാസ ജീവനാംശമായി 6 ലക്ഷത്തിലധികം രൂപ ചോദിച്ചതോടെ ജഡ്ജിയൊന്ന് ഞെട്ടി. വിലപിടിപ്പുള്ള വസ്ത്രങ്ങൾ, ഭക്ഷണത്തിന് ആവശ്യമായ പണം, മരുന്നുകൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ചിലവുകൾ, പുറത്തു നിന്നും ഭക്ഷണം കഴിക്കൽ തുടങ്ങിയ ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് ആണ് യുവതിയുടെ അഭിഭാഷകൻ കോടതിക്ക് മുമ്പാകെ സമർപ്പിച്ചത്.
മുട്ടുവേദനക്കുള്ള ഫിസിയോതെറാപ്പിക്കായി 4-5 ലക്ഷം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഷൂസിനും വസ്ത്രങ്ങൾക്കുമായി 15000 രൂപ, ഭക്ഷണച്ചെലവിനായി 60000 രൂപ എന്നിങ്ങനെ പോകുന്നു കണക്കുകൾ. ലിസ്റ്റ് സമർപ്പിച്ച അഭിഭാഷകനും കിട്ടി വയറുനിറയെ ശകാരം. ഉത്തരവാദിത്തമില്ലാത്ത യുവതിക്ക് ഇത്രയും പണത്തിന്റെ ആവശ്യമില്ല. പ്രതിമാസം ആരെങ്കിലും ഇത്രയും തുക ചെലവഴിക്കുന്നുണ്ടാകുമോ, അതും ഒറ്റക്ക് ജീവിക്കുന്ന ഒരു സ്ത്രീ. ആഡംബര ജീവിതമാണ് നയിക്കേണ്ടതെങ്കിൽ യുവതി സ്വയം ജോലി ചെയ്ത് സമ്പാദിക്കട്ടെ. ഭർത്താവിന്റെ പണം കൊണ്ട് ജീവിക്കാമെന്ന വ്യാമോഹം വേണ്ട. കുട്ടികളെ നോക്കാനുള്ള ഉത്തരവാദിത്തം ഭർത്താവിനുണ്ടെന്നും കോടതി പറഞ്ഞു.