ശ്രീനഗർ: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ്-നാഷണൽ കോൺഫറൻസ് (എൻസി) സഖ്യത്തെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അധികാരക്കൊതി തീർക്കാൻ രാജ്യത്തിൻ്റെ ഐക്യവും സുരക്ഷയും പണയപ്പെടുത്തിയ കോൺഗ്രസ് പാർട്ടി നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കി അതിൻ്റെ ഗൂഢലക്ഷ്യങ്ങൾ തുറന്നുകാട്ടി. എൻസി പാർട്ടി മുന്നോട്ടുവെച്ചിട്ടുള്ള തെരഞ്ഞെടുപ്പ് വാഗ്ധാനങ്ങളിൽ കോൺഗ്രസിൻ്റെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.
നാഷണൽ കോൺഫറൻസ് ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നൽകുന്ന ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കുമെന്ന നാഷണൽ കോൺഫറൻസിന്റെ പ്രതിജ്ഞയെ കുറിച്ചും ഷാ ആശങ്കയുന്നയിച്ചു. എൻസിയുടെ പ്രതിജ്ഞ കോൺഗ്രസ് പിന്തുണക്കുന്നുണ്ടോ എന്നും ഇവയുടെ പുനസ്ഥാപനം സംസ്ഥാനത്തെ അശാന്തിയുടെയും ഭീകരതയുടെയും യുഗത്തിലേക്ക് തിരികെകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാനുമായി ഇടപഴകുന്നതിനെക്കുറിച്ചുള്ള കോൺഗ്രസ്-എൻസി സഖ്യത്തിൻ്റെ നിലപാടിനെയും ഷാ ചോദ്യം ചെയ്തു,
പാകിസ്ഥാനുമായി 'എൽഒസി വ്യാപാരം' ആരംഭിക്കാനും അതുവഴി അതിർത്തിക്കപ്പുറമുള്ള തീവ്രവാദത്തെയും അതിൻ്റെ ആവാസ വ്യവസ്ഥയെയും പരിപോഷിപ്പിക്കാനുമുള്ള നാഷണൽ കോൺഫറൻസിൻ്റെ തീരുമാനത്തെ കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും പിന്തുണയ്ക്കുന്നുണ്ടോ എന്നും ഷാ ചോദിച്ചു. കോൺഗ്രസിന് സംവരണ വിരുദ്ധ നിലപാടാണ്. എൻസി മുന്നോട്ടുവെക്കുന്ന വാഗ്ധാനങ്ങൾ ദളിത്, ഗുജ്ജാർ, പഹാഡി വിഭാഗങ്ങളുടെ സംവരണം ഇല്ലാതാക്കുമെന്നും ഷാ കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിലെ പ്രമുഖ സ്ഥലങ്ങളായ ശങ്കരാചാര്യ ഹിൽ, ഹരി ഹിൽ തുടങ്ങിയ സ്ഥലങ്ങളുടെ പേര് ഇസ്ലാമിക പേരുകളാക്കി മാറ്റാൻ കോൺഗ്രസും ആഗ്രഹിക്കുന്നുണ്ടോ. ശങ്കരാചാര്യ ഹിൽ' 'തഖ്ത്-ഇ-സുലൈമാൻ' എന്നും 'ഹരി ഹിൽ' 'കോ-ഇ-മാരൻ' എന്നും അറിയപ്പെടുന്നതിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്നും ഷാ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജമ്മു കശ്മീരിലെത്തി പ്രാദേശിക പാർട്ടികളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ജമ്മു കശ്മീരിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും കൈകോർത്തേക്കുമെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. കശ്മീരിൽ 12 സീറ്റിൽ മത്സരിക്കണമെന്ന് കോൺഗ്രസ് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജമ്മുവിൽ 12 സീറ്റിൽ മത്സരിക്കണമെന്നാണ് നാഷണൽ കോൺഫറൻസിൻ്റെ ആവശ്യം.
ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി എത്രയും പെട്ടന്ന് പുനഃസ്ഥാപിക്കുമെന്നും അതിലൂടെ കശ്മീരിലെ ജനങ്ങൾക്ക് ജനാധിപത്യ അവകാശങ്ങൾ കോൺഗ്രസ് ഉറപ്പുവരുത്തുമെന്നും ശ്രീനഗറിൽ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസിൻ്റെ ഏറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന് ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ജനാധിപത്യാവകാശം തിരികെ നൽകുക എന്നതാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 16നാണ് ജമ്മു കശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൻറെ തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ്. 2014 ൽ പത്ത് വർഷങ്ങൾക്ക് മുമ്പായിരുന്നു ജമ്മു കാശ്മീരിൽ ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് നടന്നത്.