കെജ്രിവാളിനെതിരെ സുപ്രീംകോടതിയില് സിബിഐ; 'രാഷ്ട്രീയ വൈകാരികത സൃഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നു'

ഡൽഹി മദ്യനയ അഴിമതി ഗൂഡാലോചനയില് അരവിന്ദ് കെജ്രിവാളിന് പങ്കുണ്ടെന്ന് ആവർത്തിച്ച് സിബിഐ

dot image

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി ഗൂഡാലോചനയില് അരവിന്ദ് കെജ്രിവാളിന് പങ്കുണ്ടെന്ന് ആവർത്തിച്ച് സിബിഐ. മദ്യനയം രൂപീകരിച്ചതിലും നടപ്പാക്കിയതിലും അരവിന്ദ് കെജ്രിവാളിന് പങ്കുണ്ടെന്നും മനീഷ് സിസോദിയ സ്വീകരിച്ച നടപടികള് അരവിന്ദ് കെജ്രിവാളിന്റെ നിര്ദ്ദേശപ്രകാരമാണെന്നും സിബിഐ സുപ്രീംകോടതിയിൽ ആവർത്തിച്ചു. അഴിമതി കേസില് രാഷ്ട്രീയ വൈകാരികത സൃഷ്ടിച്ച് രക്ഷപ്പെടാനാണ് അരവിന്ദ് കെജ്രിവാൾ ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയെ എതിർത്ത് സുപ്രീംകോടതിയില് സിബിഐ നൽകിയ സത്യവാങ്മൂലത്തില് പറയുന്നു.

നേരത്തെ കെജ്രിവാളിന്റെ ഇടക്കാല ജാമ്യം തള്ളിയ കോടതി സിബിഐയോട് നിലപാട് തേടിയിരുന്നു. കെജ്രിവാളിന്റെ അറസ്റ്റ് ശരിവച്ച ഡല്ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഡല്ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലില് നിന്ന് പുറത്തിറങ്ങിയിരുന്നു. 17 മാസത്തോളം തിഹാര് ജയിലില് തടവില് കഴിഞ്ഞശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഒന്നര വർഷത്തിന് ശേഷമാണ് മനീഷ് സിസോദിയക്ക് ജാമ്യം ലഭിക്കുന്നത്. ജാമ്യ തുകയായി 2 ലക്ഷം കെട്ടിവെക്കണമെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്ദേശിച്ചിരുന്നു. വിചാരണ തുടങ്ങാത്തത്തിന്റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിടാനാകില്ലെന്നും അത് മൗലിക അവകാശത്തിൻ്റെ ലംഘനമാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ഭരണകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസിലായിരുന്നു മനീഷ് സിസോദിയയുടെ അറസ്റ്റ്. ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. സിബിഐ കേസിനെ ആധാരമാക്കിയെടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസില് മാർച്ച് 9 നാണ് ഇഡി സിസോദിയയെ അറസ്റ്റ് ചെയ്തത്. മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത കെജ്രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കമ്മീഷനെ വെക്കാന് അറിയാമെങ്കില് നടപടി സ്വീകരിക്കാനും അറിയാം: എം ബി രാജേഷ്
dot image
To advertise here,contact us
dot image