മുംബൈ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരായ കേസ് പിൻവലിക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. കേസ് പിൻവലിച്ചില്ലെങ്കിൽ പ്രതിപക്ഷ പാർട്ടികൾ തെരുവിലറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച നടക്കാനിരിക്കുന്ന ബന്ദ് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ളതല്ല, അധർമ്മത്തിനെതിരെയാണ്. മഹാരാഷ്ട്രയിലെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് ബന്ദ് നടക്കുന്നതെന്നും ജാതി മത ഭേദമന്യേ ജനങ്ങൾ സംയുക്തമായി ബന്ദിൽപങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്പോഴും ബദ്ലാപൂരിൽ പ്രതിഷേധക്കാർക്കെതിരെ കേസെടുക്കുന്നത് തുടരുകയാണ്. ഇത് പിൻവലിച്ചില്ലെങ്കിൽ തങ്ങൾ തെരുവിലേക്കിറങ്ങുമെന്നും താക്കറെ വ്യക്തമാക്കി.
ബദ്ലാപൂരിൽ നാല് വയസ് മാത്രം പ്രായമുള്ള കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഓഗസ്റ്റ് 17നായിരുന്നു സംഭവത്തിൽ പ്രതിയായ സ്കൂളിലെ ശുചീകരണ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. 25ഓളം പൊലീസ് ഉദ്യോഗസ്ഥർക്കാണ് പ്രതിഷേധങ്ങൾക്കിടെ പരിക്കേറ്റത്. നിലവിൽ 72ഓളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം പോക്സോ നിയമത്തിലെ 19ാം വകുപ്പിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തിട്ടുണ്ട്. സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞ ദിവസം സംഭവത്തിൽ പ്രതിയായ അക്ഷയ് ഷിൻഡെയുടെ വീട് പ്രതിഷേധക്കാർ ആക്രമിച്ചിരുന്നു. ഒരു സംഘം നാട്ടുകാർ പ്രതിയുടെ വീട്ടിലേക്ക് ഇരച്ചെത്തുകയും വീട്ടിലെ ഉപകരണങ്ങൾ ഉൾപ്പെടെ എല്ലാം അടിച്ചുതകർക്കുകയുമായിരുന്നു. നേരത്തെ അക്ഷയ് ഷിൻഡെയുടെ കസ്റ്റഡി താനെ കോടതി ഓഗസ്റ്റ് 26വരെ നീട്ടിയിരുന്നു. ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങളോടെയായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.
സ്കൂളിലെ ശുചിമുറിയിൽ വെച്ച് ഓഗസ്റ്റ് 17നാണ് പ്രതി നാല് വയസ് പ്രായമുള്ള രണ്ട് കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സ്വകാര്യഭാഗങ്ങളിൽ വേദനയനുഭവപ്പെടുന്നുവെന്ന് പെൺകുട്ടികളിൽ ഒരാൾ അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപിക മാതാപിതാക്കളെ വിവരമറിയിക്കുകയും പിന്നാലെ നടത്തിയ പരിശോധനയിൽ ലൈംഗിക പീഡനം നടന്നതായി കണ്ടെത്തുകയുമായിരുന്നു. പിന്നീടാണ് മറ്റൊരു കുട്ടിയെ കൂടി പ്രതി ചൂഷണത്തിന് ഇരയാക്കിയതായി അറിഞ്ഞത്.
രോഷാകുലരായ നാട്ടുകാർ സ്കൂളിൽ എത്തുകയും സ്കൂളിലെ ബെഞ്ചുകളും വാതിലുകളും തകർക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്രതിഷേധം അക്രമാസക്തമായി. പ്രദേശത്തെ ഇന്റർനെറ്റ് സേവനവും റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 24ന് സംസ്ഥാനത്ത് മഹാ വികാസ് അഘാഡി (എംവിഎ) ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എംവിഎയുടെ ഭാഗമായ എല്ലാ പാർട്ടികളും ബന്ദിൽ പങ്കെടുക്കും. ലൈംഗികാതിക്രമ കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്നും ഇരകൾക്ക് നീതി നടപ്പാക്കണമെന്നും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു.