കൊല്ക്കത്ത: സാമ്പത്തിക ക്രമക്കേടുകള്ക്കെതിരെ കൊല്ക്കത്തയിലെ ആര്ജി കര് ആശുപത്രി മുന് പ്രിന്സിപ്പാള് ഡോ. സന്ദീപ് ഘോഷിനെതിരെ കേസ് രജിസ്റ്റര് ചെയ്ത് സിബിഐ. സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര് ജി കര് മെഡിക്കല് കോളേജ് ആശുപത്രിയിലെ മുന് സൂപ്രണ്ട് അഖ്തര് അലി നല്കിയ ഹര്ജിയില് കൊല്ക്കത്ത ഹൈക്കോടതിയിലെ ഉത്തരവിനെ തുടര്ന്നാണ് സിബിഐ കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് ഒമ്പതിന് യുവ ഡോക്ടര് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങള്ക്ക് ശേഷമാണ് സന്ദീപ് ഘോഷ് ആര് ജി കര് ആശുപത്രിയില് നിന്നും രാജിവെക്കുന്നത്. പിന്നാലെ പെട്ടെന്ന് തന്നെ അദ്ദേഹത്തെ കൊല്ക്കത്ത നാഷണല് മെഡിക്കല് കോളേജില് പ്രിന്സിപ്പാളായി ബംഗാള് സര്ക്കാര് നിയമിക്കുകയുമായിരുന്നു. 2021 മുതല് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാന് ബംഗാള് സര്ക്കാര് എസ്ഐടിയെ രൂപീകരിച്ചതിന് പിന്നാലെ ഈ മാസം 20നാണ് ഇദ്ദേഹത്തിനെതിരെ കൊല്ക്കത്ത പൊലീസ് അഴിമതിക്കേസ് രജിസ്റ്റര് ചെയ്യുന്നത്. തുടര്ന്ന് കോടതി ഉത്തരവ് പ്രകാരം പ്രിന്സിപ്പാളിനെതിരെുള്ള എല്ലാ രേഖകളും എസ്ഐടി സിബിഐക്ക് കൈമാറി.
യുവ ഡോക്ടറുടെ കൊലപാതകം: പ്രതി ആശുപത്രിയിൽ പ്രവേശിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്88 മണിക്കൂറോളം സന്ദീപ് ഘോഷിനെ ചോദ്യം ചെയ്ത സിബിഐ ഇന്ന് അദ്ദേഹത്തിന്റെ നുണപരിശോധനയും നടത്തി. സന്ദീപ് ഘോഷിന്റെയും സഞ്ജയ് റോയിയുടെയുമടക്കം അഞ്ച് പേരുടെ നുണപരിശോധനയ്ക്ക് കഴിഞ്ഞ ദിവസമാണ് സിബിഐക്ക് അനുമതി ലഭിച്ചത്. അതേസമയം പ്രതിയുടെ സിസിടിവി ദൃശ്യങ്ങള് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര് പുറത്തുവിട്ടിരുന്നു. സംഭവ ദിവസം രാത്രി ഇയാള് ആശുപത്രിയില് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര് പുറത്തുവിട്ടത്. ദൃശ്യങ്ങളില് സഞ്ജയ് റോയിയുടെ കഴുത്തില് ബ്ലൂടൂത്ത് ഇയര്ഫോണ് കാണാം. സിസിടിവി ക്യാമറ ദൃശ്യങ്ങളും യുവതിയുടെ മൃതദേഹത്തിനരികില് നിന്നും ലഭിച്ച ബ്ലൂടൂത്ത് ഇയര്ഫോണും കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് റോയിയെ അന്വേഷണ സംഘം പിടികൂടിയത്.
കൊലപാതകത്തില് ലവലേശം പശ്ചാത്താപമില്ലാതെയായിരുന്നു റോയിയുടെ പ്രതികരണമെന്ന് സിബിഐ പറഞ്ഞിരുന്നു. ഇയാള് അശ്ലീലചിത്രങ്ങള്ക്ക് അടിമയാണെന്നും വികൃത മനോഭാവമുള്ളയാളാണെന്നുമാണ് സൈക്കോ അനലിറ്റിക്കല് റിപ്പോര്ട്ടില് പറയുന്നത്. ഒരു മടിയോ കുറ്റബോധമോ പ്രകടിപ്പിക്കാതെ പ്രതി കുറ്റം ഉദ്യോഗസ്ഥരോട് വിവരിച്ചതായും അധികൃതര് പറഞ്ഞു. നിരവധി അശ്ലീലവീഡിയോകള് ഇയാളുടെ ഫോണില് നിന്നും കണ്ടെത്തിയിട്ടുണ്ട്.