ന്യൂഡല്ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില് ആംആദ്മി പാര്ട്ടിയുമായി സഖ്യം ചേരില്ലെന്ന സൂചനയുമായി സംസ്ഥാനത്തെ മുതിര്ന്ന കോണ്ഗ്രസ് നേതാവും ലോക്സഭാ എംപിയുമായ കുമാരി സെല്ജ. തിരഞ്ഞെടുപ്പില് കോണ്ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അവര് അറിയിച്ചു. ഹരിയാനയില് കോണ്ഗ്രസ് ശക്തമാണെന്നും വലിയ ഭൂരിപക്ഷം നേടുമെന്നും സെല്ജ വാര്ത്താ ഏജന്സിയായ പിടിഐയോട് പറഞ്ഞു. 'ദേശീയ തലത്തില് ഞങ്ങള് പങ്കാളികളാണ്. എന്നാല് ഓരോ സംസ്ഥാനത്തെയും സഖ്യത്തെക്കുറിച്ചും അവരവര്ക്ക് തീരുമാനിക്കാം. കോണ്ഗ്രസ് ഒറ്റയ്ക്ക് തന്നെ ശക്തരാണ്. ഞങ്ങള് ഒറ്റയ്ക്ക് പോരാടും,' അവര് വ്യക്തമാക്കി.
ജനനായക് ജനത പാര്ട്ടി (ജെജെപി)യുടെ അടിത്തറ നശിച്ചെന്നും പാര്ട്ടി തകര്ച്ചയുടെ വക്കിലാണെന്നും അവര് കൂട്ടിച്ചേര്ത്തു. ജെജെപി എംഎല്എമാര് ഇതിനോടകം തന്നെ പാര്ട്ടി വിട്ടുപോയെന്നും സെല്ജ ആരോപിച്ചു. ജെജെപിയെ മാത്രമല്ല, മറ്റ് പാര്ട്ടികളെയും സഖ്യങ്ങളെയും കുറിച്ചും സെല്ജ പ്രതിപാദിച്ചു. അടുത്തിടെ തിരഞ്ഞെടുപ്പുകളില് ഇന്ത്യന് നാഷണല് ലോക് ദള് (ഐഎന്എല്ഡി), ബഹുജന് സമാജ് പാര്ട്ടി (ബിഎസ്പി) സഖ്യത്തിന്റെ പ്രകടനം മോശമായിരുന്നെന്നും കോണ്ഗ്രസിന്റെ വോട്ടിന് സഖ്യത്തിന്റെ വോട്ടിനെ ബാധിക്കില്ലെന്നും അവര് കൂട്ടിച്ചേര്ത്തു.
ഹരിയാന തിരഞ്ഞെടുപ്പില് മുഴുവന് സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കും; പ്രഖ്യാപനവുമായി ആപ്പ്അഴിമതി, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങി തിരഞ്ഞെടുപ്പില് ചര്ച്ചയാകുന്ന വിഷയങ്ങളെക്കുറിച്ചും സെല്ജ പ്രതിപാദിച്ചു. അഗ്നിപഥ് അടക്കമുള്ള വിഷയങ്ങളെ ബിജെപി സര്ക്കാര് കൈകാര്യം ചെയ്യുന്നതിനെയും സെല്ജ വിമര്ശിച്ചു. കര്ഷകര്ക്ക് മിനിമം വേതനത്തിനുള്ള (എംഎസ്പി) നിയമപരമായ ഉറപ്പ് നല്കണമെന്നും അവര് ആവശ്യപ്പെട്ടു. ഒളിംപിക്സില് വിനേഷ് ഫോഗട്ടിനെക്കുറിച്ചുള്ള വിവാദങ്ങളെക്കുറിച്ചും സെല്ജ പിടിഐയോട് സംസാരിച്ചു. ഫോഗട്ടിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്നും എന്നാല് അവരുടെ അയോഗ്യതയെക്കുറിച്ചുള്ള ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളില് ആശങ്കയുണ്ടെന്നും അവര് കൂട്ടിച്ചേര്ത്തു.
നേരത്തെ മുഴുവന് സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആംആദ്മി പാര്ട്ടിയും വ്യക്തമാക്കിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്, എഎപി എംപിമാരായ സഞ്ജയ് സിംഗ്, ഡോ. സന്ദീപ് പതക് എന്നിവര് വിളിച്ച വാര്ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര് ഒന്നിനാണ് നടക്കുന്നത്. ഒക്ടോബര് നാലിനാണ് വോട്ടെണ്ണല്.