ചണ്ഡീഗഢ്: ഒക്ടോബർ ഒന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യവുമായി ബിജെപി. ഒക്ടോബർ ഒന്നാം തീയതിക്ക് മുൻപും പിൻപും അവധി ദിനങ്ങൾ വരുന്നുണ്ടെന്നും ഇത് പോളിങ് ശതമാനത്തെ ബാധിച്ചേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ ഹരിയാന ഘടകം അധ്യക്ഷൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഇക്കാര്യം ഹരിയാന ചീഫ് ഇലക്ടറൽ ഓഫീസർ പങ്കജ് അഗർവാൾ സ്ഥിരീകരിച്ചു. വിഷയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ നീക്കത്തിന് പിന്നിലെ കാരണം വിശദീകരിച്ച് പാർട്ടിയുടെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി അംഗം വരീന്ദർ ഗാർഗ് രംഗത്തെത്തി.
സെപ്റ്റംബർ 28 ശനിയാഴ്ച പലർക്കും അവധിയാണ്. തൊട്ടടുത്ത ദിവസമായ ഞായറാഴ്ചയും അവധിയാണ്. ഒക്ടോബർ ഒന്ന് പോളിങ് ദിവസമായതിനാൽ അവധിയാണ്. തൊട്ടടുത്ത ദിവസം ഒക്ടോബർ രണ്ടും മഹാരാജ അഗ്രസെൻ ജയന്തി പ്രമാണിച്ച് ഒക്ടോബർ മൂന്നും അവധിയാണെന്ന് ഗാർഗ് വിശദീകരിച്ചു. അതേസമയം, തിരഞ്ഞെടുപ്പിന് മുന്നേതന്നെ ബിജെപി ഭയപ്പാടിലായെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പരാജയം മുന്നിൽക്കണ്ട് ഭരണകക്ഷി ബാലിശമായ വാദങ്ങൾ മുന്നോട്ടുവെക്കുകയാണെന്ന് കോൺഗ്രസ് എംപി ദീപേന്ദർ ഹൂഡ വിമർശിച്ചു. ഒക്ടോബർ ഒന്നിന് ഒറ്റഘട്ടമായാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഒക്ടോബർ നാലിന് ഫലം പ്രഖ്യാപിക്കും.