പിഡിപിയുടെ അജണ്ട അംഗീകരിച്ചാൽ തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറാം; കോൺഗ്രസിനോടും എൻസിയോടും മഹ്ബൂബ

പാര്ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കവേയായിരുന്നു പാര്ട്ടീ അധ്യക്ഷയുടെ പ്രതികരണം.

dot image

ജമ്മു: പീപ്പിള്സ് ഡെമോക്രാറ്റിക് പാര്ട്ടി(പിഡിപി)യുടെ അജണ്ടകള് അംഗീകരിക്കുകയാണെങ്കില് ജമ്മു കശ്മീര് തിരഞ്ഞെടുപ്പില് നിന്നും പിന്മാറാമെന്ന് അധ്യക്ഷ മഹ്ബൂബ മുഫ്തി. കോണ്ഗ്രസും നാഷണല് കോണ്ഫറന്സും (എന്സി) തങ്ങളുടെ അജണ്ട അംഗീകരിക്കുകയാണെങ്കില് എല്ലാ സീറ്റുകളിലും മത്സരിച്ചോളൂവെന്ന് പറയുന്നുവെന്നും തങ്ങള് അവരെ പിന്തുടരാമെന്നും മഹ്ബൂബ പറഞ്ഞു. ജമ്മു കശ്മീർ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കവേയായിരുന്നു പാര്ട്ടീ അധ്യക്ഷയുടെ പ്രതികരണം.

'സഖ്യത്തെയും സീറ്റ് വിഭജനത്തെയും കുറിച്ച് മറന്നോളൂ. കശ്മീര് പ്രശ്നങ്ങള്ക്ക് പരിഹാരം അനിവാര്യമാണെന്നും അതിന് വേണ്ടിയുള്ള മാര്ഗങ്ങള് തുറക്കണമെന്നും നിര്ദേശിക്കുന്ന ഞങ്ങളുടെ അജണ്ട സ്വീകരിക്കാന് കോണ്ഗ്രസും നാഷണല് കോണ്ഫറന്സും തയ്യാറാണെങ്കില് എല്ലാ സീറ്റിലും അവരോട് മത്സരിക്കാന് ഞങ്ങള് പറയും. ഞങ്ങള് അവരെ പിന്തുടരും,' മഹ്ബൂബ പറഞ്ഞു.

ജമ്മു കശ്മീര് തിരഞ്ഞെടുപ്പ്: സംസ്ഥാന പദവി പുനസ്ഥാപിക്കും, പ്രകടന പത്രിക പുറത്തിറക്കി പിഡിപി

മറ്റെല്ലാത്തിനും മുകളില് തനിക്ക് കശ്മീരിലെ പ്രശ്ന പരിഹാരമാണ് പ്രധാനമെന്നും അവര് കൂട്ടിച്ചേര്ത്തു. ബിജെപിയുമായുള്ള സഖ്യത്തിനുള്ള സാധ്യതകളും മഹ്ബൂബ തള്ളിക്കളഞ്ഞു. 'ഞങ്ങള് കോണ്ഗ്രസുമായോ ബിജെപിയുമായോ സഖ്യത്തില് ചേരുമ്പോള് ഞങ്ങള്ക്ക് കൃത്യമായ അജണ്ടയുണ്ട്. എന്നാല് ഒരു അജണ്ടയുമില്ലാതെ, സീറ്റ് വിഭജനത്തിന് വേണ്ടിയാണ് എന്സിയും കോണ്ഗ്രസും സഖ്യത്തിലേര്പ്പെടുന്നത്. ഞങ്ങള് അത്തരം സീറ്റ് വിഭജനം മാത്രം മുന്നിര്ത്തിയുള്ള സഖ്യത്തെക്കുറിച്ച് സംസാരിക്കില്ല,' അവര് പറഞ്ഞു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന പ്രധാന വാഗ്ദാനമാണ് പിഡിപി ഇന്ന് പുറത്തിറക്കിയ പ്രകടന പത്രികയില് പറയുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര സംരംഭങ്ങള്ക്ക് വാദിക്കുമെന്നും വ്യാപാരത്തിനും സാമൂഹിക വിനിമയത്തിനുമായി നിയന്ത്രണ രേഖയില് പൂര്ണമായ കണക്ടിവിറ്റി (എല്ഒസി) സ്ഥാപിക്കുമെന്നും പിഡിപി വാഗ്ദാനം ചെയ്യുന്നു.

യുവ ഡോക്ടറുടെ കൊലപാതകം: സാമ്പത്തിക ക്രമക്കേടില് സന്ദീപ് ഘോഷിനെതിരെ കേസ് രജിസ്റ്റര് ചെയ്ത് സിബിഐ

ജനങ്ങളുടെ അഭിലാഷങ്ങള് (പീപ്പിള്സ് ആസ്പിറേഷന്സ്) എന്ന തലക്കെട്ടോട് കൂടി പുറത്തിറക്കിയ പ്രകടന പത്രികയില് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, വെള്ളത്തിന്റെ നികുതി നിര്ത്തലാക്കല്, വെള്ളത്തിന് മീറ്ററുകള് ഉണ്ടാകില്ല, ആറംഗങ്ങളുള്ള പാവപ്പെട്ട കുടുംബങ്ങള്ക്ക് പ്രത്യേക പദ്ധതി, പാവപ്പെട്ടവര്ക്ക് വര്ഷത്തില് 12 സിലിണ്ടറുകള്, വാര്ദ്ധക്യ പെന്ഷന്, വിധവ പെന്ഷന് അടക്കമുള്ളവ ഇരട്ടിയാക്കുമെന്നതാണ് പ്രധാന വാഗ്ദാനങ്ങള്. ജമ്മു കശ്മീരിന്റെ പ്രശ്നങ്ങള് പരിഹരിക്കുകയാണ് പിഡിപിയുടെ പ്രധാന അജണ്ടയെന്ന് മെഹബൂബ മുഫ്തി പറഞ്ഞു.

സെപ്റ്റംബര് 18, 25, ഒക്ടോബര് ഒന്ന് തീയതികളില് മൂന്ന് ഘട്ടങ്ങളായാണ് ജമ്മുവില് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു കശ്മീരില് ഒന്നാം ഘട്ടത്തില് 24 സീറ്റിലും രണ്ടില് 26 സീറ്റിലും അവസാന ഘട്ടത്തില് 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ്. 2014 ല് പത്ത് വര്ഷങ്ങള്ക്ക് മുമ്പായിരുന്നു ജമ്മു കാശ്മീരില് ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് നടന്നത്.

dot image
To advertise here,contact us
dot image