ജമ്മു: ജമ്മു കശ്മീര് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രകടന പത്രിക പുറത്തിറക്കി പീപ്പിള്സ് ഡെമോക്രാറ്റിക് പാര്ട്ടി (പിഡിപി). ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന പ്രധാന വാഗ്ദാനമാണ് പ്രകടന പത്രികയില് പുറത്തിറിക്കിയിട്ടുള്ളത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര സംരംഭങ്ങള്ക്ക് വാദിക്കുമെന്നും വ്യാപാരത്തിനും സാമൂഹിക വിനിമയത്തിനുമായി നിയന്ത്രണ രേഖയില് പൂര്ണമായ കണക്ടിവിറ്റി (എല്ഒസി) സ്ഥാപിക്കുമെന്നും പിഡിപി വാഗ്ദാനം ചെയ്യുന്നു.
പാര്ട്ടീ ആസ്ഥാനത്ത് നടന്ന ചടങ്ങില് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും മുതിര്ന്ന നേതാക്കളും ചേര്ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ജനങ്ങളുടെ അഭിലാഷങ്ങള് (പീപ്പിള്സ് ആസ്പിറേഷന്സ്) എന്ന തലക്കെട്ടോട് കൂടി പുറത്തിറക്കിയ പ്രകടന പത്രികയില് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, വെള്ളത്തിന്റെ നികുതി നിര്ത്തലാക്കല്, വെള്ളത്തിന് മീറ്ററുകള് ഉണ്ടാകില്ല, ആറംഗങ്ങളുള്ള പാവപ്പെട്ട കുടുംബങ്ങള്ക്ക് പ്രത്യേക പദ്ധതി, പാവപ്പെട്ടവര്ക്ക് വര്ഷത്തില് 12 സിലിണ്ടറുകള്, വാര്ദ്ധക്യ പെന്ഷന്, വിധവ പെന്ഷന് അടക്കമുള്ളവ ഇരട്ടിയാക്കുമെന്നതാണ് പ്രധാന വാഗ്ദാനങ്ങള്. ജമ്മു കശ്മീരിന്റെ പ്രശ്നങ്ങള് പരിഹരിക്കുകയാണ് പിഡിപിയുടെ പ്രധാന അജണ്ടയെന്ന് മെഹബൂബ മുഫ്തി പറഞ്ഞു.
ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിൽനാഷണല് കോണ്ഫറന്സ് പാര്ട്ടി നേരത്തെ തന്നെ 12 ഗ്യാരണ്ടികളടങ്ങിയ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്ട്ടിക്കിള് 370, 35എ എന്നിവ പുനഃസ്ഥാപിക്കുകയും സംസ്ഥാന പദവി തിരികെ നല്കുമെന്നതുമാണ് നാഷണല് കോണ്ഫറന്സിന്റെ വാഗ്ദാനങ്ങളില് ഏറ്റവും പ്രധാനപ്പെട്ടത്. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്നും കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവന്ന് പുനരധിവസിപ്പിക്കുമെന്നുമാണ് മറ്റൊരു വാഗ്ദാനം. തൊഴിലിനും പാസ്പോര്ട്ടിനുമായുള്ള പരിശോധനകള് ലഘൂകരിക്കും, അന്യായമായി പിരിച്ചുവിടുന്നത് അവസാനിപ്പിക്കും, റോഡുകളില് ജനങ്ങളെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഇല്ലാതാക്കും എന്നിവയും പ്രകടനപത്രികയില് ഉള്പ്പെടുന്നു.
യുവാക്കള്ക്കായി സമഗ്രമായ തൊഴില് പാക്കേജാണ് നാഷണല് കോണ്ഫറന്സിന്റെ മറ്റൊരു ഗ്യാരന്റി. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, മുന്നോക്ക വിഭാഗത്തിലെ പിന്നോക്കമായ സ്ത്രീകള്ക്ക് പ്രതിമാസം 5,000 രൂപ, മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്ക്ക് സൗജന്യ പാചകവാതക സിലിണ്ടറുകള്, വിധവാ പെന്ഷന് തുക വര്ധനവ് എന്നിവയും നാഷണല് കോണ്ഫറന്സിന്റെ പ്രകടന പത്രികയിലുണ്ട്. സെപ്റ്റംബര് 18, 25, ഒക്ടോബര് ഒന്ന് തീയതികളില് മൂന്ന് ഘട്ടങ്ങളായാണ് ജമ്മുവില് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു കശ്മീരില് ഒന്നാം ഘട്ടത്തില് 24 സീറ്റിലും രണ്ടില് 26 സീറ്റിലും അവസാന ഘട്ടത്തില് 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ്. 2014 ല് പത്ത് വര്ഷങ്ങള്ക്ക് മുമ്പായിരുന്നു ജമ്മു കാശ്മീരില് ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് നടന്നത്.